toilet

വെഞ്ഞാറമൂട്: പൊതു ടോയ്ലെറ്റ് അഭാവം വെഞ്ഞാറമൂട്ടുകാരെ ദുരിതത്തിലാക്കുന്നു. ബസ് സ്റ്റാൻഡിൽ പഞ്ചായത്ത്‌ പണികഴിപ്പിച്ച ടോയ്ലെറ്റ് അടച്ചിട്ടിട്ട് മാസങ്ങളായി.

വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയ്ക്ക് സമീപം നെല്ലനാട് പഞ്ചായത്ത്‌ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പണികഴിപ്പിച്ച ടോയ്ലെറ്റാണ് അടച്ചിട്ട നിലയിലായിരിക്കുന്നത്. നൂറുക്കണക്കിന് യാത്രക്കാരും, വിവിധ ആവശ്യങ്ങൾക്ക് ജംഗ്ഷനിൽ എത്തുന്നവരുമാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്. 5 ലക്ഷം രൂപ മുടക്കിയാണ് ഒരു വർഷം മുൻപ് പഞ്ചായത്ത്‌ ഇവിടെ പൊതു ടോയ്ലെറ്റ് പണി കഴിപ്പിച്ചത്.

പല കാരണങ്ങൾ പറഞ്ഞാണ് വർഷങ്ങളായി ബസ് സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ ടോയ്ലെറ്റ് അധികൃതർ അടച്ചിടുന്നത്. കെ.എസ്.ആർ.ടി.സിയുടെ ടോയ്ലെറ്റാണെങ്കിൽ പൊട്ടിപ്പൊളിഞ്ഞ് പാഴ് വസ്തുക്കളുടെ കേന്ദ്രമായ നിലയിലാണ്.

15 വർഷം മുൻപ് പഞ്ചായത്ത് ആറ്റിങ്ങൽ റോഡിലെ ചിറത്തലയ്ക്കൽ ചിറയുടെ സമീപത്ത് അഞ്ച് ലക്ഷം മുടക്കി നാല് മുറികളുള്ള കംഫർട്ട് സ്റ്റേഷൻ കെട്ടിയിരുന്നു. എന്നാൽ ക്രമേണ സാമൂഹികവിരുദ്ധരുടെ സങ്കേതമായി ഇവിടം പിന്നീട് കാടുപിടിച്ച് നശിച്ചു. വെഞ്ഞാറമൂട്ടിലെ കടകളിൽ അധികവും കക്കൂസോ മൂത്രപ്പുരയോ ഇല്ല. വലിയ ഹോട്ടലുകളിൽ മാത്രമാണ് ഇത്തരം സൗകര്യമുള്ളത്. അത് സാധാരണക്കാർക്ക് കയറാൻ കഴിയാത്തതുമാണ്. ഇപ്പോൾ ടോയ്ലെറ്റ് ഇല്ലാത്തത് കൊണ്ട് ബസ് ഡിപ്പോയ്ക്ക് സമീപത്തെ വഴികളാണ് പൊതുജനങ്ങൾ ഉപയോഗിക്കുന്നത്. വെഞ്ഞാറമൂട് മാർക്കറ്റിലെ ടോയ്ലെറ്റും അടഞ്ഞ നിലയിൽ തന്നെയാണ്.