തിരുവനന്തപുരം : ബീമാപ്പള്ളി ദർഗാ ഷെരീഫിൽ ഉറൂസ് മുബാറക്ക് 15 മുതൽ 25 വരെ നടത്തും. 15ന് രാവിലെ എട്ടിന് ദു ആ പ്രാർത്ഥനയോടെ ദർഗാഷെരീഫ് അങ്കണത്തിൽ നിന്ന് പട്ടണ പ്രദക്ഷിണം ആരംഭിച്ച് 10.30ന് തിരികെ എത്തിച്ചേരും.
രാവിലെ 11ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ജനാബ് എ. മാഹിൻ മിനാരങ്ങളുടെ ശീർഷങ്ങളിലേക്ക് ഇരുവർണ പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാവും. ഉറൂസ് ദിവസങ്ങളിൽ മുനാജാത്ത്, മൗലൂദ് പാരായണം, റാത്തിബ് തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. 24വരെ എല്ലാ ദിവസവും രാത്രി ഒമ്പതിന് പ്രഗത്ഭ മതപണ്ഡിതന്മാരുടെ മത പ്രഭാഷണം ഉണ്ടാവും. 25നു രാവിലെ രണ്ടിന് പട്ടണ പ്രദക്ഷിണവും തുടർന്ന് ഐശ്വര്യത്തിനും സമാധാനത്തിനും മതസൗഹാർദ്ദത്തിനും മാനവരാശിയുടെ ക്ഷേമത്തിന് വേണ്ടി പ്രാർത്ഥനയും നടത്തും. വിപുലമായി അന്നദാനം വിതരണം ചെയ്യുന്നതോടെ മഹാമഹം രാവിലെ 5ന് സമാപിക്കും. ഉറൂസ് ഘോഷയാത്രയ്ക്ക് സർക്കാർ അനുമതി നൽകണമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. മാഹീൻ, ജനറൽ സെക്രട്ടറി എം. ഫാസിൽ, ട്രഷറർ എം.ഐ നൗഷാദ്, ബീമാപ്പള്ളി റഷീദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.