norka-

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ മുഖേന ലഭ്യമാകും. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകളിലാണ് ഈ സൗകര്യം.
വിദേശ രാജ്യങ്ങളിൽ സമർപ്പിക്കുവാനുള്ള രേഖകളുടെ ആഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്നതിനുളള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക-റൂട്ട്സിനെ അധികാരപ്പെടുത്തിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണൽ സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഇനിമുതൽ അറ്റസ്റ്റേഷനായി സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല.
വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക-റൂട്ട്സ് ഓഫീസുകൾ വഴി ലഭ്യമാകും.വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ സത്യവാങ്മൂലങ്ങൾ, പവർ ഒഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക-റൂട്ട്സിന്റെ മേഖലാ ഓഫീസുകളിലും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി അപേക്ഷിക്കാം. ആഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണൽ ഓഫീസുകളിൽ ലഭ്യമാണ്. എം.ഇ.എ, അപ്പോസ്റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാണ്. സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.