തിരുവനന്തപുരം: കൊവിഡ് വാക്സിൻ ഉടൻ ലഭ്യമായാലും പൊതുജനങ്ങൾക്ക് കിട്ടാൻ വൈകും. മുൻഗണനാ പട്ടികയിലുള്ളവർക്ക് മാത്രം നൽകുന്നതിനുള്ള നടപടികളാണ് കേന്ദ്രനിർദേശ പ്രകാരം പുരോഗമിക്കുന്നത്. ആരോഗ്യപ്രവർത്തകരാണ് ഒന്നാം നിരയിൽ. രണ്ടാം നിരയിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ്. കേന്ദ്ര, സംസ്ഥാന പൊലീസ് , ഹോം ഗാർഡ്, സായുധ സേന, മുനിസിപ്പൽ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവർ ഇക്കൂട്ടത്തിലൂണ്ട്.
മൂന്നാംനിരയിൽ ഗുരുതരമായ മറ്ര് ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്. ഇതിൽ ഏതൊക്കെ രോഗബാധിതരെ ഉൾപ്പെടുത്തണമെന്നോ, ഒഴിവാക്കണമെന്നോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടില്ല.
കാൻസർ,ഹൃദ്രോഗം തുടങ്ങിയ ബാധിച്ചവർക്ക് വാക്സിൻ നൽകുന്നതിൽ ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രം വ്യക്തത വരുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം വയോജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇതിനായി 50ലക്ഷത്തോളം വാക്സിൻ വേണ്ടിവരും. മുതിർന്നവരുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണ് കേരളം. ഈ ആവശ്യം കേന്ദ്രം പരിഗണിക്കുമോയെന്ന് ഉറപ്പായിട്ടില്ല.
മുൻഗണനാപട്ടികയിൽ 3.13 ലക്ഷം പേർ
സംസ്ഥാനത്ത് മുൻഗണനപട്ടിക പ്രകാരം ആദ്യഘട്ടത്തിൽ 3.13 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലുള്ള ആരോഗ്യപ്രവർത്തകരെയും 27,000ത്തോളം ആശാവർക്കർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മോഡേൺ മെഡിസിൻ, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും സ്ഥിരവും താത്കാലികവുമായി നിലവിൽ ജോലി ചെയ്യുന്ന എല്ലാവരും ഉൾപ്പെടും. മെഡിക്കൽ, ഡന്റൽ, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർത്ഥികളെയും ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.