modi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ കേരളത്തിലെത്തും.

കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പശ്ചിമബംഗാളിനാണ് ബി.ജെ.പി കേന്ദ്രനേതൃത്വം കൂടുതൽ പ്രാധാന്യം നൽകുന്നതെങ്കിലും, കേരളത്തിനും മതിയായ പരിഗണന നൽകും. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസി‌ഡന്റ് കെ.സുരേന്ദ്രൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷുമായും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചർച്ച നടത്തി.

കേരള യാത്രയ്ക്ക് കെ.സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തുന്ന രണ്ടാഴ്ചത്തെ കേരള യാത്ര ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഒരു ദിക്കിൽ നിന്ന് മറ്റൊരു ദിക്കിലേക്ക് എന്നതിന് പകരം, 15 ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും പരിപാടികൾ. ഒരു ദിവസം തന്നെ പദയാത്ര, ജനസമ്പർക്കം, റോഡ് ഷോ, പൊതുയോഗങ്ങൾ, ഹാൾ മീറ്റിംഗുകൾ എന്നിവ വിവിധ സ്ഥലങ്ങളിലായി നടത്തും. ചിലയിടങ്ങളിൽ മൂന്നോ നാലോ നിയോജകമണ്ഡലങ്ങളിൽ ഒരു പരിപാടിയായിരിക്കും . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പലയിടങ്ങളിലായി സുരേന്ദ്രന്റെ യാത്രയിൽ അണിചേരും. പതിനൊന്നിന് തൃശൂരിൽ ചേരുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗം വിശദാംശങ്ങൾ തീരുമാനിക്കും.

ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം, മലബാറിലെ ജയസാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളിൽ മുസ്ലിംലീഗ്- യു.ഡി.എഫ് പ്രമുഖരെ പരാജയപ്പെടുത്താൻ ശ്രമിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. എന്നാൽ, ബി.ജെ.പി സ്വന്തം വോട്ട് ഉയർത്തുമ്പോൾ ജയിക്കുന്നവർ ജയിക്കുകയും, തോൽക്കുന്നവർ തോൽക്കുകയും ചെയ്യട്ടെ എന്നതാണ് പൊതു നിലപാട്.