aksaseendran

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി സംസ്ഥാന എൻ.സി.പി ഘടകത്തിലെ ചേരിതിരിവ് രൂക്ഷമാകുന്നതിനിടെ, ആശയക്കുഴപ്പം ഒഴിവാക്കാൻ ദേശീയ നേതൃത്വം ഇടപെടണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടാനൊരുങ്ങി മന്ത്രി എ.കെ. ശശീന്ദ്രൻ.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ അടുത്ത ദിവസം ഡൽഹിക്ക് പോകുന്ന മന്ത്രി, ഈ യാത്രയ്ക്കിടയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിക്കും. ഇക്കാര്യത്തിൽ തന്റെ നിലപാട് ദേശീയ നേതൃത്വത്തിന് കൈമാറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.യു.ഡി.എഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാർട്ടിയെ പിളർപ്പിലേക്കെത്തിക്കുമെന്നതിനാൽ പിന്മാറണമെന്നാണ് ശശീന്ദ്രന്റെ നിലപാട്. ദേശീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

അതിനിടെ, എൻ.സി.പിയുടെ മുന്നണി മാറ്റത്തിന് അനുകൂലമായ സൂചനകൾ ഇന്നലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായി. ഇക്കാര്യം പാർട്ടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് നേതാക്കൾ ഇക്കാര്യത്തിൽ അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ടെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.