pongil-rajan

നെയ്യാറ്റിൻകര: പൊലീസ് വീടൊഴി‍പ്പിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ നെയ്യാറ്റിൻകര പോ‍ങ്ങിൽ ലക്ഷംവീട് കോളനിയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമെത്തി.രാജന്റെ മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി. എന്തുവന്നാലും താൻ നോക്കിക്കൊള്ളാം എന്ന് അയൽവാസിയായ വസന്ത പറഞ്ഞതുകേട്ട് പൊലീസ് രാജന്റെ കൈയിലിരുന്ന ലൈറ്ററിൽ ആഞ്ഞടിച്ചതോടെയാണ് തീ പടർന്നതെന്ന് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞു.

രാഹുൽ പറഞ്ഞത്: സംഭവദിവസം രാവിലെ താൻ കൊടങ്ങാവിളയിലെ വർക്ക് ഷോപ്പിൽ ജോലിക്കായി പോയി.പിന്നീട് അച്ഛൻ വിളിച്ച് പറഞ്ഞതനുസരിച്ച് എത്തിയപ്പോൾ വീട് ഒഴിപ്പിക്കാനായി പൊലീസും സംഘവുമുണ്ടായിരുന്നു. ഹൈക്കോടതിയിൽ നിന്നും സ്റ്റേ കിട്ടുമെന്നതിനാൽ അര മണിക്കൂർ നിൽക്കണമെന്ന് അച്ഛൻ പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പൊലീസ് അച്ഛന്റെ ഷർട്ടിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. സംഭവങ്ങൾ തന്നോട് മൊബൈലിൽ പകർത്താൻ പറഞ്ഞതും അച്ഛനാണ്. ഇതിനിടെ അച്ഛൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് പൊലീസ് കൊണ്ടുപോയില്ലെന്നും രാഹുൽ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി എം.ഷാനവാസിനാണ് കേസിന്റെ അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് സി.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ രാവിലെ 10.30 ന് എത്തിയ സംഘം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മടങ്ങിയത്.