vanitha-mathil-congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഴുവൻ ബൂത്ത് കമ്മിറ്റികളും 26ന് പുന:സംഘടിപ്പിക്കും. ഇരുപത്തി നാലായിരത്തിൽപ്പരം വരുന്ന പുതിയ ബൂത്ത് കമ്മിറ്റികൾ അന്ന് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചേരും.സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകാനും ജയസാദ്ധ്യതയും ജനസ്വീകാര്യതയും മാത്രം മാനദണ്ഡമാക്കാനും തീരുമാനിച്ചു. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യത്തിൽ കൃത്യമായ സൂചന നൽകി. നിയോജകമണ്ഡലങ്ങളിൽ സ്വീകാര്യതയുള്ള നേതാക്കളെ കണ്ടെത്താൻ സർവ്വേ അടക്കം പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 27 മുതൽ 31 വരെ നേതാക്കൾ അവരവരുടെ ബൂത്തുകളിൽ ഗൃഹസന്ദർശനം നടത്തി രാഷ്ട്രീയസ്ഥിതിഗതികളും, കേരളത്തിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണെന്നും വിശദീകരിക്കും. ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ 30ന് 1500 മണ്ഡലങ്ങളിലും പദയാത്ര നടത്തും.തദ്ദേശ തിര‌ഞ്ഞെടുപ്പ് ഫലം പാഠമായി പ്രവർത്തകർ ഉൾക്കൊള്ളണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടിയേറ്റ ജില്ലകളിൽ ഡി.സി.സി തലപ്പത്ത് അഴിച്ചുപണി ഉടനുണ്ടാകുമെന്ന് സൂചനകളുണ്ടെങ്കിലും, ഇന്നലത്തെ യോഗത്തിൽ നേതാക്കൾ ഇതേക്കുറിച്ചൊന്നും വ്യക്തമാക്കിയില്ല. ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ വലിയ അഴിച്ചുപണി അപ്രായോഗികമാണെന്നും, ചെറിയ ചില തിരുത്തലുകൾ മതിയെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നിർദ്ദേശിച്ചു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ ഇടങ്ങളിൽ സംഘടനാ അഴിച്ചുപണിയുണ്ടായില്ലെങ്കിൽ സമൂഹത്തിന് എന്ത് സന്ദേശമാവും അത് നൽകുകയെന്ന് മറ്റൊരു വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് ചോദിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സുസജ്ജമാക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനമുണ്ടാകണമെന്ന് താരിഖ് അൻവർ നിർദ്ദേശിച്ചു. താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയും ഐക്യം പ്രധാനമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് മാനദണ്ഡമുണ്ടാകില്ലെന്നും വിജയം മാത്രമാകും മാനദണ്ഡമെന്നും മുല്ലപ്പള്ളിയും പറഞ്ഞു.ഉച്ച തിരിഞ്ഞ് ചേർന്ന യോഗത്തിൽ..കെ.പി.സി.സി സെക്രട്ടറിമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തൽനടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചു. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിൽ പ്രവർത്തിക്കാത്തവരെയും പരാതിയുള്ളവരെയും നീക്കാനാണ് നിർദ്ദേശം.