തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ,ഈ മാസം ആറ് മുതൽ ഡി.സി.സി തല യോഗങ്ങൾ മൂന്ന് മേഖലകൾ തിരിച്ച് ചേരും.അതത് മേഖലകളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാർ എല്ലാ യോഗങ്ങളിലും പങ്കെടുക്കും. ഡി.സി.സി ഭാരവാഹികൾക്ക് പുറമേ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും പോഷകസംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കും. ആറിന് ആദ്യയോഗം തിരുവനന്തപുരത്താണ്. ഏഴിന് കോഴിക്കോട്ടും.ഈ മാസം 11 മുതൽ 15 വരെ ബ്ലോക്ക് കൺവെൻഷനുകളും, 20 വരെ മണ്ഡലം കൺവെൻഷനുകളും ചേരും..
സ്ഥാനാർത്ഥി നിർണ്ണയം നേരത്തേ പൂർത്തിയാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടിയിൽ തലമുറമാറ്റം അനിവാര്യമാണെന്നും വ്യക്തിഗത താല്പര്യങ്ങൾ മാറ്റി വയ്ക്കണമെന്നും കെ.പി.സി.സി ഭാരവാഹികളുടെ യോഗങ്ങളിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും തങ്ങളെപ്പോലുള്ള പുതുതലമുറയെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ കടന്നുവന്നവരാണ് കോൺഗ്രസിനെ നിലനിറുത്തിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.