തിരുവനന്തപുരം:ചിരി നിറഞ്ഞ മുഖങ്ങളായിരുന്നു ഇന്നലെ കാമ്പസുകളിലെങ്ങും.മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോളേജുകൾ ഭാഗികമായി ഇന്നലെ തുറന്നതോടെ ക്ലാസിനെത്തിയ വിദ്യാർത്ഥികളുടെ മുഖത്ത് സന്തോഷം അലതല്ലി. സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല കാമ്പസുകളിലും ഇന്നലെ അദ്ധ്യയനം പുനരാരംഭിച്ചപ്പോഴാണ് ഇടയ്‌ക്ക് മുറിഞ്ഞുപോയ സൗഹൃദക്കാഴ്ചകൾ കാമ്പസുകളിലെങ്ങും നിറഞ്ഞത്.
മാർച്ച് 16ന് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച യൂണിവേഴ്‌സിറ്റി കോളേജ് ഒഴികെയുള്ള തലസ്ഥാനത്തെ പ്രധാന കോളേജുകളെല്ലാം ഇന്നലെ തുറന്നു. യൂണിവേഴ്‌സിറ്റി കോളേജ് 12നേ തുറക്കൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. കർശന കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് ക്ലാസുകൾ നടന്നത്.
സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ വച്ചുതന്നെ ശരീര ഊഷ്മാവ് പരിശോധിച്ചും സാനിറ്റൈസർ നൽകിയുമാണ് കാമ്പസിനകത്ത് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് ഇല്ലാത്തതിനാൽ വലിയ തിരക്കൊന്നും ഉണ്ടായില്ല. രാവിലെ ക്‌ളാസുകൾ ആരംഭിച്ചെങ്കിലും ഇടവേളകൾ വരാനായി ഓരോരുത്തരും കാത്തിരിക്കുകയായിരുന്നു.
'ഞങ്ങൾക്ക് മാറ്റമൊന്നുമില്ല, ആകെയുള്ളത് പരസ്‌പരം മുഖം കാണാനാകാത്ത മാസ്ക് മാത്രമാണ്. അതുകൂടി മാറിയെങ്കിൽ സന്തോഷമായേനെ'-വിമെൻസ് കോളേജിലെ വിദ്യാർത്ഥി ആര്യ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിൽ ക്‌ളാസില്ലെങ്കിലും ഇന്നലെ വിദ്യാർത്ഥികൾ എത്തിയിരുന്നു.പരീക്ഷയ്‌ക്കും സ്‌കോളർഷിപ്പ് അപേക്ഷ നൽകാനുമാണ് വിദ്യാർത്ഥികളെത്തിയത്. വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം അവർ പങ്കുവച്ചു.
'ഫോൺ ഉള്ളതുകൊണ്ട് പരസ്‌പരം സംസാരിക്കാറുണ്ടായിരുന്നു. കോളേജ് തുറക്കുന്നതിന് മുൻപ് കൂട്ടുകാരെ പുറത്തുവച്ചു കണ്ടിരുന്നെങ്കിലും കാമ്പസിൽ എത്തുമ്പോഴുള്ള സന്തോഷത്തിലാണ് തങ്ങൾ'- മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി നന്ദു പറഞ്ഞു.