jagathy

തിരുവനന്തപുരം: മലയാളികളുടെ ഹാസ്യചക്രവർത്തി ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പേയാടുള്ള വീട്ടിൽ കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. ഈ വർഷം ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തും. 2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് നടന്ന കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിനെ ഇത്രയും നാൾ മലയാള സിനിമയ്ക്ക് നഷ്ടമായത്.

ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ മകൻ രാജ് കുമാർ ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തുക. ജഗതിയുടെ ആരോഗ്യസ്ഥിതിക്കു യോജിച്ച രീതിയിലുള്ള കഥാപാത്രമാണ് നൽകുക. മറ്ര് ചില ചിത്രങ്ങളിലെ വേഷങ്ങളും തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ഓണത്തിന് അദ്ദേഹം സദ്യ ഉണ്ണുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യ ശോഭയാണ് അദ്ദേഹത്തിന് ഇലയിൽ വിളമ്പിയ സദ്യ വായിൽ വച്ചുകൊടുത്തത്.

1956ൽ അച്ഛൻ ജഗതി എൻ.കെ ആചാരി എഴുതി സംവിധാനം ചെയ്ത 'അച്ഛനും മകനും' എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു ജഗതി ശ്രീകുമാറിന്റെ തുടക്കം. എന്നും ചിരിക്കാൻ കഴിയുന്ന ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ജഗതിയുടേതായിട്ടുണ്ട്. ഒരു സാമ്പിൾ ഡയലോഗ്...

''അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ ആ കൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു, 'ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?'' (ചിത്രം ബോയിംഗ് ബോയിംഗ്)