തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 152 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമായി മന്ത്രി കെ.രാജു വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വകുപ്പുകളെയും, ഏജൻസികളെയും, ധനകാര്യസ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു നടക്കുന്ന സുഭിക്ഷകേരളം പദ്ധതിയിലൂടെ ക്ഷീരമേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയിൽ 2020 നവംബർ മാസം വരെ 11.04 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ഷീരമേഖലയിൽ ചെലവഴിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നതിലൂടെ പാലുല്പാദനം, തീറ്റപ്പുൽ ഉല്പാദനം, ക്ഷീരോല്പന്ന നിർമ്മാണം, ജൈവവള നിർമ്മാണം എന്നീ മേഖലകളിൽ വനിതാ ശാക്തീകരണം ഉറപ്പുവരുത്താൻ കഴിയും.