തിരുവനന്തപുരം: കൊവിഡിനെതിരെ കർശന ജാഗ്രത ഓർമ്മിപ്പിച്ച്, ജനിതകമാറ്റം വന്ന അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തിന് കേരളത്തിൽ സ്ഥിരീകരണം. ബ്രിട്ടനിൽ നിന്നുള്ള പുതിയ കൊവിഡ് രൂപം സംസ്ഥാനത്ത് നാലു ജില്ലകളിലായി ആറു പേരിലാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട്ടുള്ള രണ്ടു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ ആറു പേരും ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് നേരത്തെ 38 പേരിൽ ജനിതകമാറ്റമുള്ള കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്ടും ആലപ്പുഴയിലും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് വീതവും കോട്ടയത്തും കണ്ണൂരും ഓരോരുത്തരിലുമാണ് രോഗബാധ. എല്ലാവരും 35 വയസ്സിൽ താഴെയുള്ളവർ. ഇവരെ ആശുപത്രിയിലേക്കു മാറ്റിയതായും ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
സാധാരണ കൊവിഡ് വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ പകർച്ചാശേഷിയുള്ളതിനാൽ അതിവേഗം പകരും. പുതിയ കൊവിഡ് രൂപം ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർ വഴി പകരുന്നതായി തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഡിസംബർ 22 നു ശേഷം ഇവിടെ നിന്നെത്തിയ മുഴുവൻ പേരെയും കണ്ടെത്തി പരിശോധിക്കുകയായിരുന്നു. കൊവിഡ് പോസീറ്റീവ് ആയവരുടെ സ്രവം പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു. ആറു പേരിൽ അതിതീവ്ര വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ഇന്നലെ വൈകിട്ടാണ് ആരോഗ്യ വകുപ്പിന് അറിയിപ്പ് ലഭിച്ചത്.
പല ദിവസങ്ങളിലായെത്തിയ ഇവരെ വിമാനത്താവളത്തിൽ വച്ചു തന്നെ നിരീക്ഷണത്തിലേക്കു മാറ്റിയിരുന്നതിനാൽ മറ്റുള്ളവരുമായി സമ്പർക്ക സാദ്ധ്യതയില്ലെന്നാണ് നിഗമനമെങ്കിലും, ആറു പേരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. എയർപോർട്ടുകളിലെ നിരീക്ഷണം കർശനമാക്കി. പുതിയ സാഹചര്യത്തിൽ ജനങ്ങൾ സ്വയം ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
യു.കെ.യിൽ നിന്നെത്തി പോസിറ്റീവ് ആയവർ 39
അതിതീവ്ര വൈറസ് സാന്നിദ്ധ്യം 6
വാക്‌സിൻ
ഇതു മതി
വേരിയന്റ് അണ്ടർ ഇൻവെസ്റ്റിഗേഷൻ 2020 12/ 01 എന്നാണ് പുതിയ വൈറസിന്റെ പേര്. കൊവിഡ് വൈറസിന് 23 ജനിതക മാറ്റങ്ങൾ സംഭവിച്ചാണ് പുതിയ രൂപം. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ് മാറ്റങ്ങൾ എന്നതിനാൽ, ഇത് ആധാരമാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ള വാക്സിനുകൾക്ക് പുതിയ രൂപത്തെയും പ്രതിരോധിക്കാനാകും. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവ ഇത്തരത്തിലുള്ളവയാണ്.
വാക്‌സിൻ വിതരണത്തിന്
ഉടൻ തുടക്കം: മോദി
l രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
l കൊവിഷീൽഡ് വാക്‌സിൻ ഉടൻ കയറ്റുമതി അനുവദിക്കില്ല.