തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സർക്കാർ പദ്ധതിയിൽ ജോലി നേടാനായി ഹാജരാക്കിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ തൈക്കാട്ടെ ഏജൻസിയുടെ നടത്തിപ്പുകാരും കേസിൽ പ്രതിയാവും. പഞ്ചാബിലെ ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് കന്റോൺമെന്റ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഉപസ്ഥാപനമാണ് തൈക്കാട്ടേത്. പൂട്ടിപ്പോയ ഈ സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതി ചേർക്കാനുള്ള ശ്രമത്തിലാണു പൊലീസ്. പത്താംക്ലാസ് യോഗ്യത മാത്രമുള്ള സ്വപ്ന ഐ.ടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ, സ്വകാര്യ കൺസൾട്ടൻസി വഴി ജോലി നേടാനാണു മഹാരാഷ്ട്രയിലെ ദാദാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയുടെ പേരിലുള്ള ബി.കോം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. വ്യാജ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റും തട്ടിപ്പുസംഘം ഉണ്ടാക്കിയിരുന്നു.
അതേസമയം, സ്വപ്നയ്ക്ക് നിയമനം നൽകിയ ഐ. ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി ജയശങ്കർ പ്രസാദിനെതിരെയും ശുപാർശ ചെയ്ത ശിവശങ്കറിനെതിരെയും പൊലീസ് അന്വേഷണം നടത്തുന്നില്ല. കൺസൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും റിക്രൂട്ട്മെന്റ് നടത്തിയ വിഷൻടെക്കും പ്രതിസ്ഥാനത്തുണ്ട്.
സ്വപ്നയെ ഇന്റർവ്യൂ ചെയ്ത ജയശങ്കർ പ്രസാദിന്റെ റിപ്പോർട്ടിംഗ് ഓഫീസർ അന്നത്തെ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ആയിരുന്നു. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ സ്വപ്നയ്ക്ക് കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ജയശങ്കർ പ്രസാദാണ് സ്വപ്നയുടെ വ്യാജ ബിരുദ കേസിലെ പരാതിക്കാരനും. വാദി തന്നെ പ്രതിയാകുന്ന സാഹചര്യം ഒഴിവാക്കാനാണ് പൊലീസ് നീക്കം. ജയശങ്കർ പ്രസാദിലേക്കും ശിവശങ്കറിലേക്കും നീങ്ങാതെ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമയ്ക്കൽ മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.
ആരോഗ്യപ്രശ്നമില്ല, സ്വപ്നയെ
ജയിലിൽ തിരിച്ചെത്തിച്ചു
തിരുവനന്തപുരം: തലചുറ്റലിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഡിസ്ചാർജ് ചെയ്ത് തിരികെ ജയിലിലെത്തിച്ചു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയോ തുടർനിരീക്ഷണമോ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.
കൊഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് ഞായറാഴ്ച സെല്ലിൽവച്ചാണ് അവശതയുണ്ടായത്. ഊണിനുശേഷം ഉറങ്ങുകയായിരുന്നു. എഴുന്നേറ്റപ്പോൾ തലചുറ്റിയതിനെ തുടർന്ന് ജയിൽ അധികൃതരുടെ സഹായം തേടി. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രക്തസമ്മർദ്ദവും ഷുഗറും സാധാരണ നിലയിലായിരുന്നു. ഇ.സി.ജിയിലും വ്യതിയാനമില്ലായിരുന്നു. തലചുറ്റലുണ്ടെന്ന് വീണ്ടും സ്വപ്ന പറഞ്ഞതിനെ തുടർന്ന് ഒരു ദിവസം ആശുപത്രി നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഇന്നലെ രാവിലെ വീണ്ടും പരിശോധിച്ച ഡോക്ടർ മെഡിക്കൽ ബോഡ് രൂപീകരിച്ച് അന്തിമ തീരുമാനമെടുക്കാനാണ് നിർദ്ദേശിച്ചത്. ഇതേത്തുടർന്നാണ് മെഡിക്കൽ ബോർഡ് കൂടി സ്വപ്നയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. വൈകിട്ടോടെ സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചു.
കോൺസുലേറ്റ് ഡ്രൈവർമാരെ
കസ്റ്റംസ് ചോദ്യംചെയ്തു
കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള ഡോളർ കടത്തുകേസിൽ യു.എ.ഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവരുടെ ഡ്രൈവർമാരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യംചെയ്തു. കൊച്ചി ഓഫീസിൽ നടന്ന ചോദ്യംചെയ്യലിനു ശേഷം ഇരുവരെയും വിട്ടയച്ചു. കോൺസൽ ജനറലും അറ്റാഷെയും നേരത്തെ രാജ്യം വിട്ടിരുന്നു. അതിനാൽ അവരിൽ നിന്ന് വിവരങ്ങൾ തേടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. കോൺസുലേറ്റ് വാഹനങ്ങളിൽ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.
അസി. പ്രോട്ടോക്കോൾ ഓഫീസർ ജി. ഹരികൃഷ്ണനെ ഇന്ന് ചോദ്യംചെയ്യും. നയതന്ത്രചാനലിലൂടെ എത്രതവണ യു.എ.ഇ കോൺസുലേറ്റിലേക്ക് ബാഗേജുകൾ വന്നു എന്നതിനെക്കുറിച്ച് വ്യക്തത വരുത്താനാണിത്.