തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും, ക്രിസ്മസ് -പുതുവർഷാഘോഷവും കഴിഞ്ഞതിന് പിന്നാലെ രോഗവ്യാപനം വർദ്ധിച്ചതായും, വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയരുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതിനുസരിച്ച് മരണനിരക്കും വർദ്ധിക്കും.
ഇളവുകൾ വന്നതോടെ സ്കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന്. കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തിൽ ആരോഗ്യസെക്രട്ടറി സൂചന നൽകി. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം അടുക്കാൻ സാദ്ധ്യയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിതീവ്ര കൊവിഡ് സാന്നിദ്ധ്യം കൂടി സംസ്ഥാനത്ത് കണ്ടെത്തിയ സാഹചര്യത്തിൽ , ചെറിയ അശ്രദ്ധപോലും വ്യാപനത്തിന് വഴിയൊരുക്കും. സംസ്ഥാനത്തിതു വരെ ഏഴേമുക്കാൽ ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. 3160 പേർക്ക് ജീവൻ നഷ്ടമായി. 63,135 പേരാണ് ചികിത്സയിലുള്ളത്. 7,12,389 പേർ രോഗമുക്തി നേടി.