തിരുവനന്തപുരം : കോർപ്പറേഷനിൽ കേവലഭൂരിപക്ഷവും കടന്ന് അധികാരത്തിലേറിയ എൽ.ഡി.എഫിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾക്കായി ഘടകക്ഷികൾ എല്ലാം ഒരുപോലെ അവകാശവാദവുമായി രംഗത്തെത്തിയതോടെ ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നു. മുൻവർഷങ്ങളെക്കാൾ നേടിയ മികച്ചവിജയം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടിമേയർ സ്ഥാനത്തിന് പുറമേ സ്റ്റാൻഡിംഗ് കമ്മിറ്റി കൂടിവേണമെന്നാണ് സി.പി.ഐയുടെ നിലപാട്. ഒരു അംഗമുള്ള ജെ.എസ്.എസും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രണ്ടു ഘടകകക്ഷികളായ കോൺഗ്രസ് (എസ്),ജനതാദൾ (എസ്),ഐ.എൻ.എൽ എന്നിവയും അദ്ധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. 12നാണ് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്.ഡെപ്യൂട്ടിമേയർ സ്വാഭാവികമായും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാകുമെന്നതിനാൽ സി.പി.ഐയിലെ പി.കെ.രാജു ചുതലയേറ്റുകഴിഞ്ഞു.

മറ്റുള്ള ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കാണ് അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കേണ്ടത്. വികസനകാര്യം,ആരോഗ്യം, നഗരാസൂത്രണം,വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷസ്ഥാനം വനിതാസംവരണമാണ്. ബാക്കിയുള്ളതിൽ ക്ഷേമകാര്യം, മരാമത്ത്,നികുതി അപ്പീൽ എന്നിവയാണ് ജനറൽ വിഭാഗത്തിന് ലഭിക്കുക.കോൺഗ്രസിനെ (എസ്) ഇക്കുറിയും പരിഗണിക്കും. കോൺഗ്രസ് (എസ്),ജനതാദൾ എന്നീ കക്ഷികൾക്ക് തുല്യകാലാവധി വീതം ഏതെങ്കിലും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വച്ചു നൽകാനാണ് ആലോചന. 9ന് കൂടുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

 പരിഗണനയിലുള്ളവർ

മെഡിക്കൽ കോളേജിൽ നിന്നുള്ള ഡി.ആർ.അനിൽ,വള്ളക്കടവ് കൗൺസിലർ ഷാജിതാ നാസർ,കാട്ടായിക്കോണത്തെ ഡി. രമേശൻ,പള്ളിത്തുറ മേടയിൽ വിക്രമൻ,ഇടവക്കോട് എൽ.എസ്.സാജു,കുളത്തൂരിലെ നാജ തുടങ്ങിയ പേരുകളാണ് സി.പി.എമ്മിന്റെ പരിഗണനയിലുള്ളത്. ഘടകകക്ഷികൾക്ക് അദ്ധ്യക്ഷസ്ഥാനം നൽകിയാൽ കോൺഗ്രസ് എസ്), ജനതാദൾ എന്നിവയെ പ്രതിനിധീകരിക്കുന്ന പാളയം രാജനും സിന്ധു വിജയനും അദ്ധ്യക്ഷരാകും.