തിരുവനന്തപുരം: കൊവിഡ് ഇടവേളയ്ക്കു ശേഷം തുറക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശമായി. ഇന്നു മുതലാണ് തിയേറ്ററുകൾ തുറക്കാൻ അനുമതി നല്കിയിരിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനസമയം. ഒന്നിടവിട്ട സീറ്റുകളിൽ ആളുകളെ ഇരുത്തണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകൾ പാടില്ല. മൾട്ടിപ്ലക്സുകളിൽ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം ക്രമീകരിക്കണം. ജീവനക്കാർ കൊവിഡ് നെഗറ്റീവായിരിക്കണം. എന്നാൽ, സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്കയിലാണ് തിയേറ്റർ ഉടമകൾ. തുടർനടപടികൾ ചർച്ച ചെയ്യാൻ തിയേറ്ററുടമകളുടെ ഫിയോക്ക് ഉൾപ്പെടെയുള്ള സംഘടകൾ ഇന്ന് കൊച്ചിയിൽ യോഗം ചേരും. തിയേറ്ററുകൾ തുറന്നാലും പുതിയ ചിത്രങ്ങളുടെ റിലീസ് ഉടൻ ഉണ്ടാകില്ല. ബാദ്ധ്യത തീർക്കാതെ സിനിമ നൽകാനാവില്ലെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.
തീയേറ്ററുകൾ ഇന്ന് തുറക്കില്ല
തിയേറ്ററുകൾ ഇന്നു മുതൽ തുറക്കാൻ അനുവാദം നൽകി മാനദണ്ഡം പുറപ്പെടുവിച്ചുവെങ്കിലും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്എഫ്.ഡി.സിയുടെയും തീയേറ്ററുകൾ ഇന്ന് തുറക്കില്ല.
ദീർഘകാലമായി അടിച്ചിട്ടിരിക്കുന്നതിനാൽ പ്രവർത്തനക്ഷമമാക്കുന്നതിന് അറ്റക്കുറ്റപ്പണി ആവശ്യമാണ്. അതിന് ദിവസങ്ങൾ വേണ്ടിവരും. ഒരാഴ്ച കഴിഞ്ഞ് കെ.എസ്.എഫ്.ഡി.സി തീയേറ്ററുകൾ തുറക്കുമെന്ന് ചെയർമാൻ ഷാജി എൻ.കരുണും 13 മുതൽ തുറക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറും അറിയിച്ചു.