ആലക്കോട്: ന്യൂ ഇയർ ആഘോഷിക്കാൻ പണം കണ്ടെത്തുന്നതിനുവേണ്ടി റബ്ബർ പുകപ്പുര കുത്തിത്തുറന്ന് 73 കിലോഗ്രാം ഷീറ്റ് കവർച്ച ചെയ്ത സംഭവത്തിലെ നാല് പ്രതികളെ ആലക്കോട് സി.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളാട് നറുക്കുംകരയിലെ തേന്മാക്കുഴിയിൽ ജോഷി പ്രകാശ് (18), വെള്ളാട് തേർമലയിലെ കൊഴുക്കൽ ഷാജി (19), തടിക്കടവിലെ കിഴക്കേടത്ത് വടക്കേപുരയിൽ മുഹമ്മദ് സിനാൻ (18), മണക്കടവ് മുക്കട സ്വദേശിയും ഇപ്പോൾ തേർത്തല്ലി മൗവ്വത്താനിയിൽ വാടകവീട്ടിൽ താമസക്കാരനുമായ 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്.
ഡിസംബർ 31 ന് കൊട്ടയാട് കവലയ്ക്കടുത്തുള്ള ആനപ്പാറയിലെ പി.സി.പി അസൈനാർകുട്ടിയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയുടെ പൂട്ട് ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ച് മുറിച്ചാണ് റബ്ബർഷീറ്റ് കവർന്നത്. കവർച്ച ചെയ്ത റബ്ബർഷീറ്റ് പിറ്റേന്ന് രാവിലെ നെല്ലിപ്പാറയിലെ മലഞ്ചരക്ക് കടയിൽ വിറ്റ് കിട്ടിയ തുകയുമായി ഉദയഗിരിക്കടുത്തുള്ള താബോറിൽ എത്തി ആഘോഷിക്കുകയായിരുന്നു. പ്രതികൾ മുമ്പും മോഷണകേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്തതിനാൽ 17 കാരനെ കോഴിക്കോട് ജുവനൈൽ ഹോമിലേയ്ക്ക് അയച്ചു. മറ്റു പ്രതികളെ കണ്ണൂർ സബ് ജയിലിൽ റിമാന്റ് ചെയ്തു. പ്രതികൾ കവർച്ചയ്ക്കായി വന്ന സമയത്ത് കൊണ്ടുവന്ന ചാക്കിനുള്ളിൽ നിന്ന് വീണ രണ്ട് ഷർട്ടുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. പ്രതികൾ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.