കടയ്ക്കാവൂർ: അഞ്ചുതെങ്ങ് - കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തോണിക്കടവ് തൂക്കുപാലം സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഏത് സമയവും യാത്രക്കാരോട് കൂടി പാലം നിലം പൊത്തുമെന്ന അവസ്ഥയിലാണ്. 2010 ൽ ചാലിയാർ പുഴയിലുണ്ടായ അപകടത്തെ തുടർന്ന് പല കടവുകളിലും കടത്തുവള്ളങ്ങൾ ഒഴിവാക്കി തൂക്കുപാലങ്ങൾ പണിയാൻ അന്നത്തെ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചു. അന്ന് ആറ്റിങ്ങൽ എം.എൽ.എയായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ശ്രമഫലമായിട്ടാണ് സർക്കാർ തൂക്ക് പാലം പണിയാൻ 55 ലക്ഷം രൂപ അനുവദിച്ചത്. 2011ൽ പാലം പണി പൂർത്തിയാക്കി യാത്രക്കാർക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതിനിടയിൽ രണ്ടു പ്രാവശ്യമേ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളൂ.
നൂറു കണക്കിന് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെട്ട യാത്രക്കാർ നിത്യേന യാത്ര ചെയ്യുന്ന തോണിക്കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണി ചെയ്ത് പാലം സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പാലം നിർമ്മിച്ചത് - 2011ൽ
പാലം നിർമ്മാണത്തിന് ചെലവഴിച്ചത് - 55 ലക്ഷം രൂപ
മെയിന്റനൻസ് 2 പ്രാവശ്യം ചെയ്തു
ഒരു തവണ നാലു ലക്ഷത്തോളം രൂപ ചെലവഴിച്ച് സി. പയസ് പ്രസിഡന്റായിരുന്നപ്പോഴും മറ്റൊരു പ്രാവശ്യം വി. ശശി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ഉപയോഗിച്ചും അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആറ് വർഷത്തിലധികമായി പാലത്തിന്റെ മെയിന്റനൻസ് ചെയ്തിട്ട്..
ഉപ്പ് കാറ്റ് പാലം കേടാക്കും
തീരദേശമായതിനാൽ ഉപ്പ് രസമുള്ള കാറ്റ് ഇരുമ്പ് കൊണ്ടുള്ള സാധനങ്ങൾ പെട്ടെന്ന് തുരുമ്പുപിടിക്കാൻ കാരണമാകുന്നു. നടപ്പാത ഭാഗത്തുള്ള തകരഷീറ്റ് ആദ്യം തന്നെ തുരുമ്പിച്ച് കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
"പാലം ഏത് സമയവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്. അധികൃതരുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണം."
അഞ്ചുതെങ്ങ് സുരേന്ദ്രൻ, മുൻ ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ