കിളിമാനൂർ: മറ്റു കാർഷിക വിളകൾക്ക് വില തകർച്ച നേരിടുമ്പോഴും അടയ്ക്കക്ക് മികച്ച വില ലഭിക്കുന്നത് കർഷകന് ആശ്വാസം നൽകുന്നു. വിവിധ രോഗങ്ങൾ ബാധിച്ച് അടക്കയുടെ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് അടയ്ക്കക്ക് വില ഉയർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയാണിത്. നെൽകൃഷിയും, വാഴ കൃഷിയും ആദായകരമല്ലാതായതോടെയാണ് കർഷകർ വയലിൽ കമുക് കൃഷി ആരംഭിച്ചത്. കമുക് തനി വിളയായും ഇടവിളയായും കൃഷി ചെയ്യുന്നവർ ജില്ലയിലുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉത്പാദന തകർച്ചയാണ് കമുക് കൃഷിയിൽ. കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുന്ന പൊളിച്ച അടയ്ക്ക ഇടനിലക്കാർ മുഖേന കർണാടകയിലെ മാർക്കറ്റുകളിലാണ് പ്രധാനമായും എത്തിക്കുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിലും തൃശൂരിലും പൈങ്ങ സംസ്കരണശാലകളുണ്ട്. നാട്ടിൻ പുറങ്ങളിൽ വെറ്റില മുറുക്കുകാരും അടയ്ക്കാ ആവശ്യക്കാരാണ്.
ഇപ്പോഴത്തെ വില
പൊളിക്കാത്ത അടയ്ക്ക കിലോഗ്രാമിന് - 42 രൂപ
പൊളിച്ചതിന്(പൈങ്ങ ) - 142 രൂപ
കൂലി
അടയ്ക്ക വിളവെടുപ്പുകാലം തൊഴിലാളികൾക്കും നല്ല കാലമാണ്. ഒരു കമുകിൽ കയറുന്നതിന് 15 രൂപയാണ് കൂലി. ഒരു ക്വിന്റൽ അടയ്ക്ക പറിച്ച് വിപണിയിലെത്തിക്കുന്നതിനു 550 രൂപയാണ് കൂലി. അടക്ക പൊളിക്കുന്ന ജോലി ചെയ്യുന്നവരിൽ അധികവും സ്ത്രീകളാണ്. ഒരു ക്വിന്റൽ അടക്ക പൊളിക്കുന്നതിന് 1400 രൂപ വരെയാണ് കൂലി.
ദിവസം 50 -60 കിലോഗ്രാം അടക്ക പൊളിക്കുന്നവരുണ്ട്.
ബാധിക്കുന്ന രോഗങ്ങൾ
മഹാളി, ഇല മഞ്ഞളിപ്പ് എന്നീ രോഗങ്ങൾക്കും പുറമേ കായ് പൊഴിച്ചിലും വിളവു കുറയാൻ കാരണങ്ങളാണ്. ജില്ലയിലെ കമുക് തോട്ടങ്ങളിൽ ഏറെയും വിവിധ രോഗങ്ങളുടെ പിടിയിലാണ്.