nel

കിളിമാനൂർ: കാട്ടുപന്നികൾ കൂട്ടമായി എത്തി നെൽകൃഷി വ്യാപകമായി നശിപ്പിക്കുന്നു. പുളിമാത്ത് പഞ്ചായത്തിലെ പുല്ലയിൽ ഏലായിലാണ് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത്. പുല്ലയിൽ, ആൽത്തറമൂട് പ്രദേശത്തെ ഏലായിൽ അഞ്ച് ഏക്കർ നെൽകൃഷി പന്നി നശിപ്പിച്ചു.വയലുകൾക്കിടയിലെ വരമ്പുകൾ പൂർണ്ണമായി ഇടിച്ച് നിരപ്പാക്കിയിട്ടുണ്ട്. കതിർ വന്ന നെൽച്ചെടികൾ മുഴുവനും നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പ്രദേശത്തു നെൽകൃഷിക്ക് പുറമേ മരിച്ചീനി, ചേമ്പ്, ചേന തുടങ്ങിയവയും കൃഷി നടത്താൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. വാഴകളും, കുരുമുളക് കൃഷിയും വരെ പന്നികൾ നശിപ്പിച്ചു. അധികൃതർ പന്നിശല്യത്തെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.