നൂറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ യൂറോപ്യൻമാർ നടത്തിയ പര്യവേക്ഷണങ്ങൾ സമ്പത്ത് കൈക്കലാക്കുക എന്ന ദുരാഗ്രഹത്തിന്റെ കഥ കൂടിയായിരുന്നു. മനുഷ്യനെ എന്നും ഭ്രമിപ്പിക്കുന്ന മഞ്ഞ ലോഹത്തിന് പിന്നാലെയുള്ള യൂറോപ്യൻമാരുടെ പടയോട്ടത്തിനിടെ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് വേരറ്റുപോയത് അവിടുത്തെ ഗോത്ര വർഗക്കാരാണ്. എന്നാൽ, നൂറ്റാണ്ടുകളോളം യൂറോപ്യൻമാരെ വട്ടംചുറ്റിക്കുകയും അവരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായിത്തീരുകയും ചെയ്ത ഒന്നുണ്ട് തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ; 'എൽ ഡോറാഡോ ( El Dorado )' !
തെക്കൻ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം 'സ്വർണ മനുഷ്യൻ' എന്ന് അർത്ഥം വരുന്ന എൽ ഡോറാഡോ ഒരു പുരാണ ഭരണാധികാരിയാണ്. അദ്ദേഹം അതിസമ്പന്നനായിരുന്നു. വർഷത്തിലൊരിക്കൽ നടക്കുന്ന ആചാരത്തിന്റെ ഭാഗമായി തന്റെ തല മുതൽ കാലിലെ തള്ളവിരൽ വരെ സ്വർണത്താൽ മൂടി കൊളംബിയയിലെ ആന്റിസ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ഗ്വാറ്റാവിറ്റാ തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങുകയും തന്റെ വിലമതിക്കാനാകാത്ത ആ സമ്പത്തിന്റെ ഒരു ഭാഗം തടാകത്തിൽ സമർപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ഗോത്രത്തിലുള്ളവരും തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം തടാകത്തിൽ നിക്ഷേപിക്കും. !
എൽ ഡോറാഡോ സത്യമോ ?
16ാം നൂറ്റാണ്ടിലാണ് എൽ ഡോറാഡോയെ ചുറ്റിപ്പറ്റിയുള്ള കഥകൾ പ്രചരിക്കുന്നത്. തെക്കേ അമേരിക്കൻ നാടുകളിലും ആമസോൺ വനാന്തരങ്ങളിലും പുതിയ സംസ്കാരങ്ങൾ കണ്ടെത്താൻ പര്യവേക്ഷണങ്ങൾ നടത്തി വന്ന യൂറോപ്യൻമാർക്കിടയിലാണ് ഈ കഥ പ്രചരിച്ചത്.
മേൽ പറഞ്ഞ എൽ ഡോറാഡോ രാജാവും തടാകത്തിൽ സ്വർണം നിക്ഷേപിക്കുന്ന അവരുടെ ചടങ്ങും മൂയിസ്ക ഗോത്രവിഭാഗത്തിന്റെ ഭാഗമായിരുന്നതായി ജുവാൻ റോഡ്രിഗ്സ് എന്ന ചരിത്രകാരൻ തന്റെ പുസ്തകമായ 'ദ കൊൺക്വെസ്റ്റ് ആൻഡ് ഡിസ്കവറി ഒഫ് ദ ന്യൂ കിംഗ്ഡം ഒഫ് ഗ്രനാഡ'യിൽ വിവരിച്ചിരിക്കുന്നത് കാണാം. മൂയിസ്ക ഗോത്രത്തിലെ എല്ലാ രാജാക്കാൻമാരും (എൽ ഡോറാഡോമാർ) അധികാരത്തിലേറുമ്പോൾ ഇത്തരത്തിൽ ശരീരത്തിൽ മുഴുവൻ സ്വർണം പൊതിഞ്ഞ് തടാകത്തിൽ മുങ്ങുകയും ദൈവത്തോടുള്ള ആദരവായി അമൂല്യവസ്തുക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നതായി റോഡ്രിഗ്സ് പറയുന്നു.
എന്നാൽ, യൂറോപ്യൻ പര്യവേക്ഷകർ ഇതിനെ മറ്റൊരു അർത്ഥത്തിലാണ് വ്യാഖ്യാനിച്ചത്. ശരിക്കും എൽ ഡോറാഡോ എന്നൊരു രാജാവ് ജീവിച്ചിരുന്നോ എന്നറിയില്ലെങ്കിലും അങ്ങനെയൊരാൾ ഉണ്ടായിരുന്നെന്ന് വിശ്വസിച്ച യൂറോപ്യൻമാർ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രജകളും ജീവിച്ച, എണ്ണിയാലൊടുങ്ങാത്തത്ര സ്വർണം കൊണ്ട് മൂടിയ, നഗരത്തെയാണ് എൽ ഡോറാഡോ എന്ന് വിശേഷിപ്പിച്ചത്.
അങ്ങനെയൊരു നഗരം കൊളംബിയൻ വനാന്തരങ്ങളിൽ എവിടെയോ ഉണ്ടെന്നും വൻ സ്വർണ ശേഖരം അവിടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലും യൂറോപ്യൻമാർ പര്യവേക്ഷണങ്ങൾ തുടർന്നു. 16, 17 നൂറ്റാണ്ടുകളിൽ എൽ ഡോറാഡോ എന്ന സ്വർണ നഗരം തേടിപ്പോയി ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്.
സ്വർണത്തിന്റെ അമൂല്യ ശേഖരം
1537ലാണ് യൂറോപ്യൻമാർ കൊളംബിയയിലെത്തുന്നത്. അന്ന് കൊളംബിയൻ ഗോത്രവർഗക്കാർക്കിടയിൽ സ്വർണം സുലഭമായിരുന്നു. എന്നാൽ, മൂയിസ്ക വംശജർക്ക് സ്വർണം സമ്പത്തിന്റെ പ്രതീകമായിരുന്നില്ല. പകരം അവർ ദൈവത്തിന് അർപ്പിച്ചിരുന്ന കാണിക്കയായിരുന്നു സ്വർണം.
എൽ ഡോറാഡോയെ പറ്റിയുള്ള കഥകൾ കേട്ട് 1537ൽ സ്പാനിഷ് പര്യവേക്ഷകനായ ജിമെനെസ് ഡി ക്വെസാദയും സംഘവും സ്വർണം തേടി കൊളംബിയയിലെത്തി. 900 പേരുമായി ക്വെസാദ തുടങ്ങിയ യാത്ര അവസാനിച്ചത് വെറും 166 പേരിലാണ്. കൊളംബിയ മുഴുവൻ എൽ ഡോറാഡോ നഗരം തേടി അലയുന്നതിനിടെ മറ്റുള്ളവർക്കെല്ലാം ജീവൻ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, മൂയിസ്ക വംശജരുടെ ഏതാനും അമൂല്യ വസ്തുക്കൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നു.
എൽ ഡോറാഡോയെ കണ്ടെത്താനാകാതെ നിരാശനായി മടങ്ങിയ ക്വെസാദ 1569ൽ വീണ്ടും കൊളംബിയയിൽ മടങ്ങിയെത്തി. ഏകദേശം 2,000ത്തോളം പേർ ചേർന്ന് തുടങ്ങിയ മൂന്ന് വർഷം നീണ്ട പര്യവേക്ഷണത്തിനൊടുവിൽ വെറും 30 പേരാണ് ജീവനോടെ യൂറോപ്പിലേക്ക് മടങ്ങിയത്. 1541ൽ എൽ ഡോറാഡോയെ തേടിയുള്ള അലച്ചിലിനിടെയാണ് സ്പാനിഷ് പര്യവേക്ഷകനായ ഫ്രാൻസിസ്കോ ഡി ഒറെല്ലാന ലോകത്തെ ഏറ്റവും വലിയ നദിയായ ആമസോണിനെ കണ്ടെത്തിയത്. 1537ൽ സ്വർണക്കഥയിലെ പ്രധാന കഥാപാത്രമായ ഗ്വാറ്റാവിറ്റാ തടാകത്തെയും അദ്ദേഹം തന്നെയാണ് കണ്ടെത്തിയത്.
പിന്നീട് തടാകത്തിലെ വെള്ളം വറ്റിച്ച് അതിന്റെ അടിത്തട്ടിലുണ്ടെന്ന് പറയപ്പെടുന്ന സ്വർണം കണ്ടെത്താനായിരുന്നു യൂറോപ്യൻ പര്യവേക്ഷകരുടെ ശ്രമം. എന്നാൽ, അതും വിജയം കണ്ടില്ലെന്ന് മാത്രമല്ല, നിരവധിപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. അതേസമയം, തടാകത്തിൽ നിന്ന് ഏതാനും സ്വർണത്തരികൾ കണ്ടെത്താൻ പര്യവേക്ഷകർക്ക് കഴിഞ്ഞു. എത്രയൊക്കെ ശ്രമിച്ചിട്ടും എൽ ഡോറാഡോയെ മാത്രം കണ്ടെത്താനായില്ല.
ഒടുവിൽ...
ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ ശേഖരം തടാകത്തിന്റെ അടിത്തട്ടിലുണ്ടാകാമെന്ന് ചിലർ കണക്കൂകൂട്ടി. 1904ഓടെ ഒരു ബ്രിട്ടീഷ് കമ്പനി ഗ്വാറ്റവിറ്റാ തടാകം വറ്റിച്ചെങ്കിലും കൂറ്റൻ ചെളിക്കുഴികളാണ് കണ്ടത്. സൂര്യപ്രകാശം തട്ടിയതോടെ വളരെ വേഗം തന്നെ അവ ഉറഞ്ഞ് സിമന്റ് പോലെയാവുകയും ചെയ്തു. സ്വർണത്തരികൾ ലഭിച്ചെങ്കിലും അത് വെറും 500 ഡോളർ വിലമതിക്കുന്നത് മാത്രമായിരുന്നു. ലക്ഷക്കണക്കിന് ഡോളർ മുടക്കി തടാകം വറ്റിച്ചവർ ഒടുവിൽ പാപ്പരായി മടങ്ങി.
പിന്നെയും നിധിവേട്ടകൾ നടന്നെങ്കിലും എല്ലാം പരാജയപ്പെട്ടു. ചിലർക്ക് ജീവൻ നഷ്ടമായി. ഒടുവിൽ 1965ൽ കൊളംബിയൻ സർക്കാർ ഗ്വാറ്റവിറ്റാ തടാകത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. അങ്ങനെ, നൂറ്റാണ്ടുകളായി എൽ ഡോറാഡോയെ തേടി നിധിവേട്ടക്കാർ നടത്തിയ സാഹസങ്ങൾക്ക് പരിസമാപ്തിയായി. എന്നാൽ, കൊളംബിയയിൽ പല ഭാഗങ്ങളിലും സ്വർണ ശേഖരം മറഞ്ഞിരിക്കുന്നുണ്ടെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. എൽ ഡോറാഡോ എന്ന മിഥ്യാ ധാരണയെയും ഗ്വാറ്റാവിറ്റാ തടാകത്തെയും ചുറ്റിപ്പറ്റി പര്യവേക്ഷണങ്ങൾ നടന്ന സമയം തെക്കൻ അമേരിക്കയിലെ മറ്റ് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ സ്വർണം കണ്ടെത്താമായിരുന്നു. സാഹസികതയെക്കാൾ അത്യാഗ്രഹത്തോടെ പ്രവർത്തിച്ച് ജീവൻ നഷ്ടപ്പെട്ടവരും എൽ ഡോറാഡോയും നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും കഥകളിലെ നിഗൂഢ സാന്നിദ്ധ്യമാണ്.