വേദനയൊന്നുമില്ലാതെ മൂക്കിനുള്ളിലോ സൈനസിനുള്ളിലോ ഉള്ള നേർത്ത സ്തരത്തിൽ കാണുന്ന വളർച്ചയാണ് നാസാർശസ്. മുന്തിരി പോലെയോ വെള്ളത്തുള്ളി പോലെയോ തൂങ്ങിക്കിടക്കുന്ന രീതിയിലായിരിക്കും കാണപ്പെടുന്നത്. ദീർഘനാളായുള്ള അണുബാധ, അലർജി, ആസ്ത്മ , മരുന്നുകളോടുള്ള പ്രതിപ്രവർത്തനം, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യത്യാസം എന്നിവയാണ് രോഗകാരണങ്ങൾ.
ലക്ഷണങ്ങൾ
മൂക്കൊലിപ്പ്, ഇടയ്ക്കിടെയുള്ള മൂക്കടപ്പ്, മൂക്കും തൊണ്ടയും വച്ച് ശബ്ദമുണ്ടാക്കുക, മണത്തറിയാൻ പ്രയാസം, ചിലപ്പോൾ മണമറിയാൻ തന്നെ സാധിക്കാത്ത അവസ്ഥ, രുചിയില്ലായ്മ, മുഖത്തും തലയിലും വേദന, മേൽ വശത്തെ പല്ലുവേദന, നെറ്റിയിലും മുഖത്തും ഭാരമുള്ളതുപോലെ തോന്നുക, കൂർക്കംവലി, ഇടയ്ക്കിടെ മൂക്കിൽ നിന്ന് ചോര വരിക തുടങ്ങിയവയാണ് നാസാർശസ് അഥവ ദശവളർച്ചയുടെ ലക്ഷണങ്ങൾ. ചിലപ്പോൾ യാതൊരു ലക്ഷണങ്ങളും കാണാതിരിക്കുകയും ചെയ്യാം.
ചെറിയ നാസാർശസുകളിലാണ് പ്രത്യേക ലക്ഷണങ്ങൾ പ്രകടമാകാത്തത്. വലുപ്പമുള്ളവയാണെങ്കിൽ മൂക്കിന് ഉൾവശം മുഴുവൻ നിറഞ്ഞ് തടസ്സം ഉണ്ടാക്കുകയും അതുകാരണം ശ്വാസതടസം, ഗന്ധമില്ലായ്മ, ഇടയ്ക്കിടെ അണുബാധ എന്നിവ ഉണ്ടാകുകയും ചെയ്യും.
കാര്യമായ ശ്വാസതടസം, രോഗലക്ഷണങ്ങൾ പെട്ടെന്ന് കഠിനമാകുക, വസ്തുക്കളെ രണ്ടായി കാണുക, കാഴ്ച കുറയുക, കണ്ണുകൾ ചലിപ്പിക്കുന്നതിന് പ്രയാസമനുഭവപ്പെടുക, കണ്ണിന്ചുറ്റും വർദ്ധിച്ച തോതിൽ വീക്കമുണ്ടാകുക, വർദ്ധിച്ചുകൊണ്ടിരിക്കുന്ന തലവേദന, തലവേദനയ്ക്കൊപ്പമുള്ള പനി എന്നീ ലക്ഷണങ്ങളുള്ളപ്പോൾ കൂടുതൽ ചികിത്സയും ആവശ്യമാണ്.
സാധാരണയായി ആർക്ക് വേണമെങ്കിലും പിടിപെടാവുന്ന രോഗമാണ് നാസാർശസ്. എങ്കിലും, കുട്ടികളിലും യുവതീ യുവാക്കൾക്കുമാണ് ഇത് കൂടുതലായി കാണുന്നത്. എങ്ങനെയുള്ളവരിലാണ് നാസാർശസ് കാണുന്നതെന്ന് കൃത്യമായി പറയാനാവില്ല. എങ്കിലും, ആസ്ത്മ, ആസ്പിരിൻ മരുന്നുകളുടെ ഉപയോഗം, അലർജി കാരണമുള്ള സൈനസിനുള്ളിലെ ഫംഗൽ ബാധ, മൂക്കിലും സൈനസിലുമുള്ള നേർത്ത സ്തരങ്ങളിൽ നിന്ന് ജന്മനാതന്നെ കാണുന്ന കട്ടികൂടിയ സ്രവങ്ങൾ, വിറ്റാമിൻ ഡി യുടെ അഭാവം എന്നിവയുള്ളവരിലും ചില ജനിതകവ്യതിയാനം കാരണവും ഈ രോഗം കാണുന്ന കുടുംബപശ്ചാത്തലമുള്ളവരിലും നാസാർശസ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
മരുന്നുംചികിത്സയും കൊണ്ട് ശമിക്കാറുണ്ടെങ്കിലും വലിപ്പമുള്ള നാസാർശസുകൾ കാരണമുള്ള ശ്വാസതടസ്സമുൾപ്പെടെയുള്ള ബുദ്ധിമുട്ടുള്ളവർക്ക് സർജറി തന്നെ വേണ്ടി വരും. ഒരിക്കൽ സർജറിക്ക് വിധേയമായവർ 'എല്ലാം സുഖമായെ'ന്നു കരുതി കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും നാസാർശസ് പ്രത്യക്ഷപ്പെടുന്നതായി കാണുന്നുണ്ട്. സർജറിക്ക് ശേഷം രോഗത്തിന്റെ കാരണങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നതുകൊണ്ടാണ് അപ്രകാരം സംഭവിക്കുന്നത്.
ടർബിനേറ്റ് ഹൈപ്പർ ട്രോഫിയേയും ചിലർ നാസാർശസ്സായി തെറ്റിദ്ധരിക്കാറുണ്ട്. മൂക്കിനകത്ത് കാണുന്ന എല്ലാത്തരം വളർച്ചകളും നാസാർശസ്സാണെന്ന് കരുതരുത്. അവയുടെ ചികിത്സയും വ്യത്യസ്തമാണ്.
മഞ്ഞളും ഇഞ്ചിയും
വീക്കമുണ്ടാക്കുന്ന എന്തിനേയും ശമിപ്പിക്കാൻ പേരുകേട്ട ആയുർവേദ ഔഷധമാണ് മഞ്ഞൾ. മഞ്ഞളിന്റെ ഉപയോഗം മൂക്കിനകത്തെ വളർച്ചയെ കുറയ്ക്കുന്നതിനൊപ്പം മറ്റു ബുദ്ധിമുട്ടുകൾക്ക് പരിഹാരം നൽകുകയും ചെയ്യും. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്.
ഒരു ഗ്ളാസ് വെള്ളത്തിൽ അഞ്ചുഗ്രാം മഞ്ഞൾപ്പൊടി ചേർത്ത് തിളപ്പിച്ച് ചായ പോലെ കുടിക്കുക. വേണമെങ്കിൽ മധുരത്തിന് തേൻ ചേർത്ത് ഉപയോഗിക്കുക.
മഞ്ഞൾ പോലെ ഉപയോഗപ്പെടുത്താവുന്നതാണ് വെളുത്തുള്ളിയും ഇഞ്ചിയും. ഇഞ്ചിക്ക് അണുനാശക ശക്തിയുമുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കഴിവുണ്ട്. ഇവ കൊണ്ട് തയ്യാറാക്കിയ ആയുർവേദ ഔഷധങ്ങളും നാസാർശസ് ശമിപ്പിക്കുന്നതിന് ഫലപ്രദമാണ്.