pak

തിരുവനന്തപുരം:ആലപ്പുഴയിലും കോട്ടയത്തും ചത്ത താറാവുകളിൽ ഇൻഫ്ളുവൻസ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു.മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. കെ.എം ദിലീപ് അറിയിച്ചതാണ് ഇക്കാര്യം.ചത്ത താറാവുകളുടെ എട്ട് സാമ്പിളുകൾ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലും പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലുമാണ് സാമ്പിളുകൾ പരിശോധിച്ചത്.താറാവുകൾ കൂട്ടത്തോടെ ചത്ത ആലപ്പുഴയിലെ കുട്ടനാട്, തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയത്തെ നീണ്ടൂരും ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ മുഴുവൻ കൊന്നൊടുക്കും. അലങ്കാരപ്പക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയും ഇതിൽപ്പെടും. അരലക്ഷത്തിലേറെ പക്ഷികളെ കൊല്ലേണ്ടിവരുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. രോഗം സ്ഥിരീകരിച്ച കൂട്ടത്തിലുള്ള മറ്റു താറാവുകളെയും കൊല്ലാൻ ദൗത്യസംഘങ്ങൾ രൂപീകരിച്ചു. ഇന്നലെ ആലപ്പുഴയിൽ 2700 താറാവ് കുഞ്ഞുങ്ങളെയും 300 വളർത്ത് പക്ഷികളെയും ദ്രുതകർമ്മസേന കൊന്നൊടുക്കി.രണ്ട് ജില്ലകളിലും കളക്‌ടർമാർ ജാഗ്രത നിർദ്ദേശിച്ചു. മേഖലയിൽ കർശന നിയന്ത്രണങ്ങളും ഉണ്ട്. പക്ഷിമാംസവും മുട്ടയും ഉപയോഗിക്കരുത്. അതിർത്തികളിലും ജാഗ്രത നിർദ്ദേശിച്ചു. കേരളത്തിൽ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നത് തമിഴ്‌നാട് വിലക്കി. നിയന്ത്രണം മറ്റ് ജില്ലകൾക്ക് ബാധകമല്ല. കഴിഞ്ഞവർഷം കോഴിക്കോട്ടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

മനുഷ്യർക്ക് പകരില്ല

ഇൻഫ്‌ളുവൻസ ടൈപ്പ് - എ വൈറസാണ് പക്ഷിപ്പനി പരത്തുന്നത്. വൈറസിന്റെ വകഭേദമനുസരിച്ച് മാരകമാകുകയോ മനുഷ്യർക്ക് പകരുകയോ ചെയ്യാം. ഇപ്പോൾ സ്ഥിരീകരിച്ച എച്ച് 5 എൻ 8 വൈറസ് മനുഷ്യർക്ക് പകർന്നിട്ടില്ല.

നഷ്ടപരിഹാരം

താറാവ് കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത്.

ആരോഗ്യ സർവേ

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാൻ ആരോഗ്യവകുപ്പ് സർവേ തുടങ്ങി.

പക്ഷിപ്പനിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.