നെയ്യാറ്റിൻകര: ആലുംമൂട് ജംഗ്ഷനിൽ മണ്ണും ചെളിയും നിറഞ്ഞത് നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തം. ചെറിയ മഴയത്ത് പോലും നെയ്യാറ്റിൻകര പട്ടണത്തിലെ ആലുംമൂട് കവല വെള്ളക്കെട്ടിലാകുന്നത് പതിവായിട്ടും നടപടിയില്ല. തിങ്കളാഴ്ച വൈകിട്ട് പെയ്ത മഴയിൽ ആലുംമൂട് പരിസരം വെള്ളത്തിൽ മുങ്ങി. ശക്തമായ മഴ കാരണം കവലയിലെ ഒട്ടു മിക്ക കടകളിലും വെള്ളം കയറി. അവിചാരിതമായി എത്തിയ ഇടിയിലും മഴയിലും ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
വെള്ളക്കെട്ടിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടായി. കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഈ വെള്ളം ഒഴുകി ഈഴ കുളത്തിലെത്താൻ രണ്ട് ഓടകളുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് താഴ്ന്ന പ്രദേശമാണ് ദേശീയ പാതയിലെ ആലുംമൂട് ജംഗ്ഷൻ. അതുകൊണ്ടാണ് മഴവെള്ളമെല്ലാം ഇവിടേക്ക് ഒഴുകി എത്തുന്നത്. ഭൂമി കൈയേറ്റത്താലും മാലിന്യം കൊണ്ട് വന്ന് ഇടുന്നതിനാലും ഇവിടത്തെ രണ്ട് ഓടകളും അടഞ്ഞ നിലയിലാണ്. നഗരസഭ അധികാരികൾ അടഞ്ഞുകിടക്കുന്ന ഓടകൾ വൃത്തിയാക്കി മഴവെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.