astra-zeneca

കൊവിഡ് പ്രതിരോധയത്നങ്ങളുടെ ഭാഗമായി അടുത്തയാഴ്ച കുത്തിവയ്‌പ് തുടങ്ങാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും തലപൊക്കുന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയക്കാർ തുടങ്ങിവച്ച വിവാദത്തിനു പിന്നാലെ രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കളായ രണ്ട് സ്ഥാപനങ്ങളും ഇതിൽ പങ്കാളിയാവുന്നു എന്നതാണ് തീർത്തും അനഭിലഷണീയമായ വസ്തുത. വാക്സിന്റെ ക്ഷമതയിലാണ് ഇക്കാര്യത്തിൽ യാതൊരു ശാസ്ത്രീയ പശ്ചാത്തലവുമില്ലാത്ത ചില പ്രതിപക്ഷ നേതാക്കളുടെ സംശയവും ആശങ്കയും. സർക്കാരിനെ വിമർശിക്കാൻ നോമ്പുനോറ്റിരുന്നവർ വാക്സിൻ വിഷയത്തിലും ആയുധം പുറത്തെടുക്കുകയാണ്. ധൃതിപിടിച്ച് വാക്സിൻ പ്രയോഗിക്കുന്നു എന്നാണ് പരാതി. മൂന്നാംഘട്ടം ക്ളിനിക്കൽ പരീക്ഷണം പൂർത്തിയാകും മുൻപ് വാക്‌സിൻ ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മെഡിക്കൽ എത്തിക്‌സിനു തന്നെ വിരുദ്ധമാണ് ഈ നടപടിയെന്നുമാണ് വിമർശനം.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക കമ്പനിയും ചേർന്ന് വികസിപ്പിച്ച് പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ നിർമ്മിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിന് അനുമതി നൽകിയതിനു തൊട്ടുപിന്നാലെ ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിൻ എന്ന പേരിലുള്ള പ്രതിരോധ വാക്സിൻ ഉപയോഗത്തിനും കേന്ദ്ര അനുമതി ലഭിച്ചുകഴിഞ്ഞു. ഇന്ത്യൻ മെഡിക്കൽ ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് കോവാക്സിന്റെ നിർമ്മാണം. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് അതിന്റെ നിർമ്മാതാക്കൾ മാത്രമല്ല, ഡ്രഗ്‌സ് കൺട്രോൾ മേധാവികളും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ബ്രിട്ടനിൽ പിറവിയെടുത്ത കൊവിഷീൽഡ് പരീക്ഷണങ്ങളുടെ എല്ലാ ഘട്ടങ്ങളും പിന്നിട്ട ശേഷമാണ് വിപുലമായ തോതിൽ മനുഷ്യ പരീക്ഷണത്തിനൊരുങ്ങുന്നത്.

കോവാക്സിനും ഇരുപതിനായിരത്തിൽപ്പരം പേരിൽ പരീക്ഷിച്ചിട്ടുണ്ടെന്നാണ് അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ ഫലപ്രാപ്തി വ്യക്തമാക്കുന്ന ആധികാരിക രേഖകൾ ഹാജരാക്കിയിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് വിമർശകർ വാളെടുത്തത്. പൂർണമായും ശാസ്ത്രജ്ഞരും ഗവേഷണ സ്ഥാപനങ്ങളും മെഡിക്കൽ രംഗത്തെ ബന്ധപ്പെട്ട ഉന്നതസമിതികളും കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ രാഷ്ട്രീയക്കാർ വകതിരിവില്ലാതെ വിമർശനവുമായി വരുന്നത് ശരിയായ നടപടിയല്ല. പ്രത്യേകിച്ചും ജനനായകരുടെ നാവിൽ നിന്നാകുമ്പോൾ വലിയ അർത്ഥതലങ്ങളാണുള്ളത്. വാക്സിൻ പ്രയോഗം ഒന്നോരണ്ടോ മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ലെന്ന് എല്ലാവർക്കും അറിയാം. ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗക്കാരിലുൾപ്പെടെ മുപ്പതു കോടിയോളം പേർക്കു മാത്രമാണ് വാക്സിൻ നൽകുന്നത്. ഇതു പൂർത്തിയാക്കാൻ തന്നെ മാസങ്ങൾ വേണ്ടിവരും.

രാജ്യത്തെ ജനസംഖ്യ 140 കോടിയോളമാണെന്ന് ഓർക്കുക. നൂറു കോടി പേരിലെങ്കിലും വാക്സിൻ എത്താൻ എത്രകാലം വേണ്ടിവരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആദ്യഘട്ടം പൂർത്തിയാകുന്നതിനു മുൻപുതന്നെ വാക്സിന്റെ ഫലപ്രാപ്തി പൂർണമായും തിട്ടപ്പെടുത്താനാകും. അതിനാൽ വാക്സിനെതിരെ ഇപ്പോൾ ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ അടിസ്ഥാനമില്ലാത്തതും ഊഹാപോഹത്തിൽ അധിഷ്ഠിതവുമാണെന്നു എളുപ്പം തിരിച്ചറിയാം. ജനങ്ങൾക്കു നൽകാൻ തുനിയുന്ന വാക്സിൻ ബി.ജെ.പി വാക്സിനായതിനാൽ താൻ ഒരിക്കലും അതു സ്വീകരിക്കാൻ പോകുന്നില്ലെന്നാണ് യു.പിയുടെ മുൻ ഭരണാധിപനായ സമാജ്‌വാദി പാർട്ടി നേതാവ് പരസ്യ പ്രസ്താവന നടത്തിയത്. എത്ര സങ്കുചിതവും അപക്വവുമായാണ് ഈ നേതാവിനെപ്പോലുള്ളവർ കാര്യങ്ങൾ വിലയിരുത്തുന്നതെന്ന് ഓർത്ത് വിലപിക്കാനേ മഹാമാരിക്കു മുന്നിൽ ഇപ്പോഴും അന്തിച്ചുനിൽക്കുന്ന സാധാരണക്കാർക്ക് കഴിയൂ.

കൊവിഡ് പിടിപെട്ടാലും നേതാവെന്ന നിലയ്ക്ക് എവിടെയും വി.വി.ഐ.പി ചികിത്സയും പരിചരണവും ലഭിക്കുമെന്ന് ഉറപ്പുള്ള ഇതുപോലുള്ള നേതാക്കൾ കുറഞ്ഞ പക്ഷം വാക്സിൻ വരുന്നതും കാത്ത് പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന സാധാരണക്കാരുടെ മനസിൽ സംശയത്തിന്റെയും ഭീതിയുടെയും വിത്തു പാകാൻ ശ്രമിക്കരുത്. മഹാപാപമാണത്. എത്രയോ ശാസ്ത്രജ്ഞരും മറ്റു ജീവനക്കാരും എട്ടുപത്തുമാസമായി അഹോരാത്രം വിയർപ്പൊഴുക്കിയതിന്റെ ഫലമായിട്ടാണ് രാജ്യത്തിനു മുഴുവൻ അഭിമാനിക്കാവുന്ന രണ്ട് വാക്സിനുകൾ വികസിപ്പിച്ച് വിപണിയിലിറക്കാൻ തയ്യാറായിരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഓരോ ഇന്ത്യക്കാരനും അഭിമാനം തരുന്നതാണ് ഈ നേട്ടം.

ലോകത്തു തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പിനാണ് രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കുത്തിവയ്പിന്റെ ഓരോ ഘട്ടവും അതീവ സുരക്ഷിതമായിട്ടാകും സംഘടിപ്പിക്കുന്നത്. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും വിവിധതലങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ നൽകേണ്ടവരുടെ പട്ടിക മുൻഗണനാ ക്രമമനുസരിച്ച് തയ്യാറാക്കുന്നുണ്ട്. പതിനഞ്ചു ദിവസത്തിലൊരിക്കൽ ക്ളിനിക്കൽ ഫലങ്ങൾ വിലയിരുത്താനുള്ള സംവിധാനവും ഉണ്ടാകും. കുത്തിവയ്പ് എടുത്തവർക്കാർക്കെങ്കിലും പാർശ്വഫലമുണ്ടായാൽ അതു നേരിടുന്നതിനുള്ള ഏർപ്പാടുകളുമുണ്ടായിരിക്കും.

ഇതിനിടെ രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും മേധാവികൾ തമ്മിലുണ്ടായ വാക് പോര് വാക്സിൻ യജ്ഞത്തിനിടയിലെ മറ്റൊരു കല്ലുകടിയായി. ബയോടെക്കിന്റെ കോവാക്സിനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി താഴ്‌ത്തിപ്പറഞ്ഞുവെന്നാണ് ആക്ഷേപം. മാത്രമല്ല തങ്ങളുടെ വാക്സിനെതിരെ പലരും അനാവശ്യമായ വിമർശനങ്ങളുന്നയിക്കുകയാണെന്നും ബയോടെക്കിന് ആക്ഷേപമുണ്ട്.


മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാൻ പോലും നിൽക്കാതെയാണ് അത് വിപണിയിലിറക്കുന്നതെന്ന് ചില രാഷ്ട്രീയ നേതാക്കൾ ആരോപണമുന്നയിച്ചതും കഥയറിയാതെയാണെന്ന് വസ്തുതകൾ നിരത്തി ബയോടെക് സമർത്ഥിക്കുന്നു. ഫൈസർ, മൊഡേണ, ഓക്സ്‌ഫോർഡ് എന്നിവയുടെ മൂന്ന് വാക്സിനുകളേ ഇതുവരെ പൂർണമായും ഫലപ്രാപ്തി തെളിയിച്ചവയായി ലോകത്തുള്ളൂ എന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി രണ്ടുദിവസം മുൻപ് പറഞ്ഞത്. ഈ അവകാശവാദമാണ് ഭാരത് ബയോടെക്കിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയക്കാർ നടത്തുന്ന വാക്സിൻ വിവാദ ചർച്ചകൾക്കൊപ്പം വാക്സിൻ നിർമ്മാണ സ്ഥാപനങ്ങൾ തമ്മിൽ കേമത്തത്തിന്റെ പേരിൽ പോരടിക്കുന്നത് ശരിയല്ല. മഹാമാരിയിൽ നിന്ന് ജനകോടികളെ രക്ഷിക്കാൻ പ്രയത്നിക്കുന്നവർ അന്തസാരശൂന്യമായ അവകാശവാദങ്ങളുന്നയിച്ച് അന്തരീക്ഷം വിഷമയമാക്കാൻ ശ്രമിക്കരുത്.