കോവളം: ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ സ്വർണമാല ബൈക്കിലെത്തിയ യുവാവ് കവർന്നു. കോവളം ജംഗ്ഷനു സമീപം കമുകിൻകുഴി സജി വിഹാറിൽ സ്നേഹയുടെ (21) രണ്ടരപ്പവന്റെ മാലയാണ് നഷ്ടമായത്. ഇന്നലെ വൈകിട്ട് 2.45ഓടെയായിരുന്നു സംഭവം. കോവളം ജംഗ്ഷനിൽ ബസ് ഇറങ്ങിയ യുവതി കമുകിൻകുഴി ഭാഗത്തേക്ക് നടന്നുപോകുമ്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളംവച്ചതിനെ തുടർന്ന് കൈയിൽ കരുതിയ ആയുധമുപയോഗിച്ച് ഇയാൾ യുവതിയുടെ ഇടതുകൈയിൽ ആഴത്തിൽ മുറിവേല്പിക്കുകയും ചെയ്തു.