കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് ജയിലിലേക്ക് മാറ്റുമ്പോഴേ പുതിയ ജാമ്യ ഹർജി നൽകാനാവൂ എന്ന വ്യവസ്ഥ ഹൈക്കോടതി ഇളവു ചെയ്തു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ സിംഗിൾബെഞ്ച് ഡിസംബർ 14 ന് തള്ളിയിരുന്നു. കാൻസർ ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വി കെ. ഇബ്രാഹിം കുഞ്ഞിന് ഇൗ ഘട്ടത്തിൽ ജാമ്യം അനിവാര്യമല്ലെന്നും ഡിസ്ചാർജ്ജ് ചെയ്ത് ജയിലിലേക്ക് മാറ്റുമ്പോൾ പുതിയ ജാമ്യാപേക്ഷ നൽകാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതരമായ കാൻസർ ബാധിച്ച തന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണെന്നും ഇതു കണക്കിലെടുക്കാതെയാണ് സിംഗിൾബെഞ്ച് ഇത്തരമൊരു വ്യവസ്ഥ വച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് ഹർജി നൽകിയത്. ഇന്നലെ ഹർജി പരിഗണിക്കവെ സാഹചര്യം മാറിയതിനാൽ പുതിയ ജാമ്യാപേക്ഷ നൽകാൻ തടസമില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഇതു കണക്കിലെടുത്ത് ഹർജി പിൻവലിച്ചു.
ഹർജിയിലെ വാദങ്ങൾ
കാൻസർ രോഗം മൂന്നാം ഘട്ടത്തിലേക്ക് എത്തി. ആശുപത്രിയിലെ നിയന്ത്രിതമായ സാഹചര്യത്തിൽ തന്നെ കാണാൻ ബന്ധുക്കൾക്കു ജയിൽ സൂപ്രണ്ടിന്റെ അനുമതി വേണ്ടി വരുന്നു. ആശുപത്രിയിലാണെങ്കിലും കസ്റ്റഡിയിൽ കഴിയുന്ന സ്ഥിതിയാണ്.