ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടഭാരവുമാണ് സംഘങ്ങൾ പൂട്ടാൻ കാരണം. സംഘങ്ങലുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവ നടപ്പായില്ല. കുറഞ്ഞ കൂലിനിരക്ക് കാരണം പുതുതായി തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്താതായതാണ് പ്രതിസന്ധിക്ക് ഒരു കാരണം. പ്രതിദിനം 150 രൂപ പോലും ലഭിക്കാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോഴുള്ള തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിച്ച് നൽകണം. ഇപ്പോഴത്തെ സർക്കാർ കൈത്തറി വസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം. അതുപോലെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശികയില്ലാതെ നൽകിയത് സഹകരണസംഘങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. യു.ഡി.എഫ് സർക്കാർ വന്നശേഷം കൈത്തറി ഉല്പാദനം കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള മിൽ തുണികൾ കൈത്തറി മുദ്ര വച്ച് വില്പന നടത്തുന്നത് വ്യാപിച്ചു. ഇതിന് കൈത്തറി ഉല്പന്നങ്ങളെക്കാൾ വില കുറവായതിനാൽ കൈത്തൊഴിൽ സംരംഭമായിരുന്ന കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു. ഇത് സംഘങ്ങളെ നഷ്ടത്തിലെത്തിച്ചു.
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ, ഒറ്റൂർ, കീഴാറ്റിങ്ങൽ, ചിറയിൻകീഴ്, കിഴുവിലം, കൈലാത്തുകോണം, വേങ്ങോട്, ആറ്റിങ്ങൽ, അവനവഞ്ചേരി എന്നിവിടങ്ങളിലായി 9 സംഘങ്ങൾ പ്രവർത്തിച്ചിരുന്നു
ഇപ്പോൾ ഭാഗികമായി അവനവഞ്ചേരി , കൈലാത്തുകോണം, കിഴുവിലം എന്നീ മൂന്നു സംഘങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ചിറയിൻകീഴ് താലൂക്കിലെ തൊഴിലാളികൾ
മുൻപ് - 4800 ലധികം
ഇപ്പോൾ - 150 ൽ താഴെ
സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏല്പിച്ചത് കൊണ്ടുമാത്രമാണ് ഈ മൂന്നു സംഘങ്ങളും നിലനിൽക്കുന്നത്.
21 ഇനം ഉല്പന്നങ്ങൾ കൈത്തറി മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷൻ എടുത്തു കളഞ്ഞതാണ് സംഘങ്ങളെ തളർത്തിയത്.
പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി.
ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 700 രൂപ കൊടുക്കണം. എന്നാൽ പവർലൂമിലെ മുണ്ടിന് 250 രൂപയേ വിലയുള്ളൂ. യൂസ് ആൻഡ് ത്രോ സംസ്കാരം വന്നതോടെ ഗുണമേന്മ ജനം നോക്കാതെയായി.
പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചിതലരിക്കുകയാണ്.
'' കൈത്തറി സംഘങ്ങളെ പഴയപടിയാക്കാൻ റിസർവേഷനുകൾ പുനഃസ്ഥാപിക്കണം. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സ്കൂൾ യൂണിഫോമുകൾ കൈത്തറി സംഘങ്ങൾ വഴി മാത്രം നൽകാൻ നിർദ്ദേശിച്ചത് പോലെയുള്ള റിസർവേഷനുകൾ കേന്ദ്ര സർക്കാരും കൈക്കൊണ്ടാൽ മാത്രമേ സംഘത്തെ പിടിച്ചു നിറുത്താനാവൂ. കൂടാതെ ആധുനിക വത്ക്കരണത്തിനായി സംവിധാനങ്ങൾ സർക്കാരുകൾ കൈക്കൊള്ളണം.
മുരളി.എം, സെക്രട്ടറി,
ചിറയിൻകീഴ് താലൂക്ക് നെയ്ത്ത് തൊഴിലാളി യൂണിയൻ