കൂടാളി: സി.പി.എം. കോട്ടയിൽ 47 വർഷങ്ങൾക്ക് ശേഷം വിജയിച്ച കോൺഗ്രസ് നേതാവിന് ക്രൂരമർദ്ദനം. കൂടാളി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി സി. മനോഹരനെയാണ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സി.പി.എം. പ്രവർത്തകർ ആക്രമിച്ചത്. വിജയിച്ച ദിവസം വോട്ടർമാരോട് നന്ദി പറയുന്നതിനായി വീടുകയറുന്നതിനിടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ കാറിന് നേരെയാണ് സംഘം വടികളുമായി ചീറിയടുത്തത്. സി.പി.എമ്മുകാർ മർദ്ദിച്ചെന്ന് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാതെ ഉഴപ്പുകയാണെന്ന് ഇദ്ദേഹം ആരോപിക്കുന്നുണ്ട്. ഇതിനിടെയാണ് ആക്രമണ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായത്.
പതാകയേന്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം നേതൃത്വത്തിന്റെ അറിവോടെയല്ല അക്രമമെന്നും അണികളാകാം പിന്നിലെന്നുമാണ് സി.പി.എം. നേതൃത്വത്തിന്റെ വാദം. സി.പി.എം ശക്തികേന്ദ്രത്തിൽ വർഷങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ഇടതു തരംഗമുണ്ടായപ്പോൾ പോലും പരമ്പരാഗത കോട്ടകളിൽ തിരിച്ചടി നേരിട്ടത് കണ്ണൂരിൽ പാർട്ടിയ്ക്ക് അകത്ത് രൂക്ഷമായ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയ്ക്ക് അകത്തെ ഗ്രൂപ്പിസവും തമ്മിലടിയും കാലുവാരലും തോൽവിയ്ക്ക് ഇടയാക്കിയെന്നാണ് ആരോപണം ഉയരുന്നത്.
പല പാർട്ടി ഗ്രാമങ്ങളിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇടതിന് പ്രതീക്ഷയുണ്ടായിരുന്ന കണ്ണൂർ കോർപ്പറേഷനിൽ പോലും പല സീറ്റുകളും നഷ്ടമായതും ഈ ജാഗ്രത കുറവ് കൊണ്ടാണെന്നും ആരോപണമുണ്ട്. സുകന്യയെ പോലെ മുതിർന്ന നേതാവിനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി മത്സരിപ്പിച്ചിട്ടും പാർട്ടിയ്ക്ക് സീറ്റ് കുറഞ്ഞത് പാർട്ടിയിലെ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ഇടപെട്ടിട്ടാണെന്നും ചർച്ചയുണ്ട്.