പാലോട്: മൂക്കിൽ അപകടകരമായ രീതിയിൽ മുഴ വളർന്ന ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ഓപ്പറേഷന് പണമില്ലാതെ കുടുംബം സുമനസുകളുടെ സഹായം തേടുന്നു. നന്ദിയോട് ഇളവട്ടം പള്ളിതറ വീട്ടിൽ രാജു - ബിന്ദു ദമ്പതികളുടെ മകൻ ജിഷ്ണുവാണ് (10) ചികിത്സയിൽ കഴിയുന്നത്. മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഴ വളരുന്നത് കണ്ടെത്തിയത്. മരുന്ന് കഴിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടാകാതെ വന്നതോടെയാണ് ഡോക്ടർമാർ സർജറിക്ക് നിർദ്ദേശിച്ചത്. രണ്ടുലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ നടത്താൻ കഴിയാതെ വിഷമിക്കുകയാണ് രാജുവും ബിന്ദുവും. രാജുവിന് കൂലിപ്പണിയാണ് ജോലി. ഇളവട്ടം സി.എസ്.ഐ പള്ളി നൽകിയ നാലുസെന്റ് സ്ഥലത്തെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. വസ്‌തുവിന് പട്ടയമില്ലാത്തതിനാൽ യാതൊരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ഇതിനകം നല്ലൊരു തുക ചികിത്സക്കായി ചെലവായിട്ടുണ്ട്. ഓരോ ആഴ്ചയിലും ആയിരം രൂപയുടെ മരുന്നും വാങ്ങണം. സുമനസുകളുടെ സഹായം തേടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ നെടുമങ്ങാട് ശാഖയിൽ മാതാവായ ബിന്ദുവിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4056381854. ഐ.എഫ്.എസ്.സി. കോഡ്: CBIN0284862. ഫോൺ: 7012421881.