വെഞ്ഞാറമൂട്: വറുത്തരച്ചും വെളിച്ചെണ്ണയിൽ പൊരിച്ചുമൊക്കെയുള്ള വിഭവങ്ങൾ സാധാരണക്കാരായ മലയാളികൾ തത്കാലം മറക്കുന്നതാകും ഉചിതം. തേങ്ങയുടെ വില അനുദിനം ഉയരുന്നതോടെ അടുക്കളയിൽ നിന്നും ഇവ അകന്നു പോവുകയാണ്. മുൻപൊക്കെ വീടുകളിലെ പറമ്പിൽ നിന്നും ആവശ്യത്തിന് തേങ്ങ ലഭിച്ചിരുന്നു. ഇപ്പോൾ തെങ്ങിനുണ്ടായ രോഗബാധയും തേങ്ങയിടാൻ ആളെ കിട്ടാത്തതും മൂലം വീടുകളിൽ അധികം തേങ്ങ ലഭിക്കാത്ത സ്ഥിതിയാണ്. എന്നാൽ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായതുമില്ല.

തേങ്ങയ്ക്ക് കിലോ അറുപത് രൂപയും വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 230 രൂപ വരെയും വില ഉയർന്നെങ്കിലും കൊപ്ര വിൽക്കുന്ന ചെറുകിട കർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിപണിയിൽ പൊതിച്ച തേങ്ങയാണ് വിൽക്കുന്നത്. തൊണ്ട്, ചകിരി, ചിരട്ട, തുടങ്ങിയവ മറ്റ് അസംസ്കൃത ഉത്പന്നങ്ങളായി വിൽക്കപ്പെടുമ്പോഴും കർഷകന് അതിന്റെ വിഹിതം ലഭിക്കുന്നില്ല.

തേങ്ങ കിലോയ്ക്ക് - 60 രൂപ

വെളിച്ചെണ്ണ കിലോ - 230 രൂപ

ഉത്പദനം കുറഞ്ഞു

മുൻകാലങ്ങളെ അപേക്ഷിച്ച് തേങ്ങയുടെ ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഉത്പാദനം കുറഞ്ഞിട്ടും കൃഷി വകുപ്പ് കാര്യമായ ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്തുന്നില്ലെന്നും പരാതിയുണ്ട്.

തമിഴ്നാടൻ തേങ്ങ വിപണിയിൽ

ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും മറ്റുമാണ് പ്രധാനമായും വിപണിയിൽ തേങ്ങ എത്തുന്നത്. ഇതും പ്രാദേശിക കർഷകന് വില വർദ്ധനവിന്റെ ഗുണം ലഭിക്കാത്തതിന് കാരണമാണ്. കർഷകരിൽ നിന്ന് സംഭരിക്കുന്ന തേങ്ങ സർക്കാർ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്ത് ചൂഷണം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.