തിരുവനന്തപുരം:ശക്തമായ നിയമനിർമ്മാണത്തിന്റെ അഭാവത്തിൽ, മരണക്കെണിയൊരുക്കുന്ന ഓൺലൈൻ റമ്മിയടക്കമുള്ള സ്‌കിൽഡ് ഗെയിമുകൾ നിരോധിക്കാനാവില്ലെന്ന് പൊലീസ്.
1960ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണം വച്ചുള്ള വാതുവയ്പ്പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഓൺലൈൻ റമ്മികളി ഭാഗ്യപരീക്ഷണമല്ലെന്നും വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നുമാണ് കമ്പനികളുടെ വാദം. സ്‌കിൽഡ് ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. തമിഴ്നാട്,അസം,തെലങ്കാന, ഒഡിഷ,ആന്ധ്ര സംസ്ഥാനങ്ങൾ ഓർഡിനൻസിറക്കി ഓൺലൈൻ ഗെയിമുകൾ നിരോധിച്ചെങ്കിലും കമ്പനികൾ കോടതിയിലെത്തിയിട്ടുണ്ട്.
ഓൺലൈനിൽ ക്രിക്കറ്റ് കളിക്കുന്നതു പോലെയേ ഓൺലൈൻ റമ്മി പരിഗണിക്കാനാവൂ എന്ന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ ചൂതാട്ടനിരോധനത്തിന് പ്രാദേശിക നിയമങ്ങളുണ്ടെങ്കിലും കേരളം കേന്ദ്രനിയമമാണ് പിന്തുടരുന്നത്. അതിനാൽ ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ പ്രായോഗിക തടസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനായിരുന്ന വി.എച്ച് വിനീത് 25 ലക്ഷം രൂപയുടെ കടം മൂലം ആത്മഹത്യ ചെയ്തത് കഴിഞ്ഞയാഴ്‌ചയാണ്. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ട്രഷറിയിൽ കൈയിട്ടുവാരിയ 2.70കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുകയാണെങ്കിലും നിയമമില്ലാത്തതിനാൽ കേസെടുക്കാൻ പൊലീസിന് കഴിയില്ല. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും പരസ്യം നൽകി യുവാക്കളെ ആകർഷിക്കുന്ന ഗെയിമുകളിലെ ചതിക്കുഴികളെക്കുറിച്ച് പൊലീസ് ബോധവത്കരണം നടത്തും. മറുവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സാങ്കേതിക വിദ്യ ആണെന്ന് പോലും അറിയാതെയാണ് കളിച്ച് തോൽക്കുന്നത്.
നിരോധനത്തിന് തടസങ്ങൾ
1)ഇ-മെയിൽ, ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ നൽകി സ്വയം രജിസ്റ്റർ ചെയ്താണ് കളി. ആരെയും നിർബന്ധിക്കുന്നില്ലെന്ന് കമ്പനികൾ.
2) കളി ജയിക്കാൻ വൈദഗ്ദ്ധ്യം വേണം, ഭാഗ്യത്തിന് ഇടമില്ല.
3)കളിയുടെ നിയമാവലിയിൽ പണം ഈടാക്കുമെന്ന് പറയാതെ, ഇ-വാലറ്റിൽ പണം വേണമെന്നു മാത്രമാണുള്ളത്. തോൽക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ചോർന്നുകൊണ്ടിരിക്കും.
4)ഇന്ത്യൻ കമ്പനികളായതിനാൽ, പണം വിദേശത്തേക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടില്ല. ക്രെഡിറ്ര്, ഡെബിറ്റ് കാർഡുപയോഗിച്ചാണ് പണമിടപാട്.
'ശക്തമായ പ്രാദേശിക നിയമം ഇല്ലാത്തതിനാൽ ഓൺലൈൻ ഗെയിമുകൾക്കെതിരെ കേസെടുക്കാനാവില്ല. ഒരാൾ സ്വമേധയാ ഗെയിംകളിക്കുന്നത് നിരോധിക്കാൻ പ്രയാസമാണ്".
- മനോജ് എബ്രഹാം, അഡി.ഡി.ജി.പി