തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഏഴ് ശതമാനം കൂട്ടണമെന്ന് ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ. സർക്കാർ ഇത് അംഗീകരിച്ചാൽ മദ്യത്തിന് അധികനികുതി ഉൾപ്പെടെ ലിറ്ററിന് കുറഞ്ഞത് 100 രൂപയെങ്കിലും കൂടും. മുന്തിയ ഇനം മദ്യങ്ങൾക്ക് തീവിലയാകും.മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ മദ്യ കമ്പനികളുമായി ഉറപ്പിക്കുന്നത്. സ്പിരിറ്റ് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡറനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോയ്ക്ക് മദ്യം ലഭിക്കുന്നത്. ഇത് വലിയ നഷ്ടമാണെന്നും വില കൂട്ടണമെന്നും മദ്യം ഉത്പാദകർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കൊവിഡ് മൂലം ബാറുകൾ അടച്ചിട്ടത്. ബാറുകൾ വീണ്ടും തുറന്നതോടെ ആവശ്യം ശക്തമായതാണ് വില കൂട്ടണമെന്ന നിലപാടെടുക്കാൻ കാരണം. ശുപാർശ സർക്കാർ അംഗീകരിച്ചാൽ വില കൂട്ടും.അധിക നികുതി ഏർപ്പെടുത്തിയതോടെ മദ്യത്തിന് ഇപ്പോൾ തന്നെ വലിയ വിലയാണ്. അതിലൂടെ അധികവരുമാനമാണ് സർക്കാരിനുണ്ടാകുന്നത്. ക്രിസ്മസ്, പുതുവർഷക്കാലത്ത് കച്ചവടം 600 കോടിയായി ഉയർന്നിരുന്നു. അധിക നികുതിയിലൂടെ വിലകൂട്ടിയിട്ടും കച്ചവടത്തിന് കുറവില്ലാതായതാണ് ഉടനടി വില വർദ്ധിപ്പിക്കണമെന്ന നിലപാട് എടുക്കാൻ ബിവറേജസിന് പ്രേരണയായത്. ഡിസംബർ 21 മുതലാണ് ബാറുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്.