ksrtc

തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് കോർപ്പറേഷന് സമാന്തരമായി പൊതുഗതാഗതത്തിന് സർക്കാർ രൂപീകരിക്കുന്ന കമ്പനിയായ 'കെ -സ്വിഫ്ടി'ന് കേന്ദ്ര സഹായം തേടി മന്ത്രി എ.കെ.ശശീന്ദ്രനും കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും ഡൽഹിയിൽ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗ‌ഡ്കരിയുമായി ചർ‌ച്ച നടത്തും.

കമ്പനിക്ക് ഇലക്ട്രിക് ബസുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ നൽകാമെന്നേറ്റ 150 കോടി രൂപ ഉടൻ ലഭ്യമാക്കാനും, കമ്പനിക്കാവശ്യമായ കേന്ദ്ര ഫണ്ട് ഉറപ്പു വരുത്താനുമാണിത്. കേന്ദ്ര സഹായം ഉറപ്പായാൽ റിപ്പബ്ലിക് ദിനമായ 26ന് കമ്പനി പ്രഖ്യാപിക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ കുറച്ചുപേരെ വർക്ക് അറേഞ്ച്മെന്റിൽ കമ്പനിയിൽ നിയമിക്കും. കമ്പനി വാഹനം പാർക്കു ചെയ്യുന്നതിനും മറ്റും കെ.എസ്.ആർ.ടി.സിക്ക് വാടക ലഭിക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നാളെ നടക്കുന്ന ചർച്ചയിൽ വിശദീകരിക്കും.

എം.പാനൽ ലിസ്റ്റിൽ പരാതി

പുതിയ കമ്പനിയിൽ നിയമനം നൽകുന്നതിനായി , കെ.എസ്.ആർ.ടി.സിയിലെ എം.പാനൽ ജീവനക്കാരുടെ സർവീസ് കാലാവധി കണക്കാക്കി തയ്യാറാക്കിയ സീനിയോറിട്ടി ലിസ്റ്റിൽ തിരിമറി നടന്നതായി പരാതിയുണ്ട്. പത്തു വർഷത്തിലേറെയും, വർഷം 300 ഡ്യൂട്ടിയിലേറെയും ജോലി ചെയ്തവരുടെ സീനിയോറിട്ടി കുറച്ചുവച്ചതായാണ് പരാതി. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് കൂടുതൽ പരാതി .പുതിയ കമ്പനിയിൽ ആദ്യഘട്ടമായി 2,400 പേരെ നിയമിക്കാനാണ് ധാരണ.

അതേ സമയം,കെ.എസ്.ആർ.ടി.സി ഡ്രൈവർ തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാത്തതിലും പരാതിയുണ്ട്. തങ്ങളെ പരിഗണിക്കാതെ നിയമനം നടത്തിയാൽ കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.