bjp

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനിലെത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്‌.കെ.പി രമേശിനോട് സി.ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പേട്ട സ്റ്റേഷൻ ഉപരോധിച്ചു. നഗരസഭ തിരഞ്ഞെടുപ്പിനിടെ ചാക്കയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് ഇവരെ കാണണമെന്നാവശ്യപ്പെട്ട് രമേശ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാരുമായി വാക്കുതർക്കമുണ്ടായത്. സി.ഐ ഗിരിലാൽ സ്റ്റേഷനിൽ വച്ച് പിടിച്ചുതള്ളി, അസഭ്യം പറഞ്ഞെന്ന് രമേശ് ആരോപിച്ചു. അതേസമയം പ്രതികളെ കാണാൻ കാത്തിരിക്കണമെന്ന് അറിയിച്ചപ്പോൾ സി.ഐക്കെതിരെ ആക്രോശവുമായെത്തിയത് രമേശാണെന്ന് പൊലീസുകാർ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, എ.സി.പി സ്റ്റുവർട്ട് കീലറുമായി സംസാരിച്ചതിനൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്. സി.ഐ മാപ്പ് പറയില്ലെന്ന് അറിയിച്ചതോടെ കമ്മീഷണർക്ക് പരാതി നൽകുമെന്നും രമേശ് പറഞ്ഞു. കൗൺസിലർ പി. അശോക് കുമാർ ഉപരോധം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സമിതി അംഗം ശ്രീവരാഹം വിജയൻ, മണ്ഡലം സെക്രട്ടറി കെ. മോഹനൻ, ഏരിയാ പ്രസിഡന്റ് ബിജു മൂലയിൽ, കൗൺസിലർമാരായ ഡി.ജി. കുമാരൻ, സുരേഷ്, ചിഞ്ചു, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.