crime

പാറശാല: കാരാളിക്ക് സമീപത്തെ ഗോഡൗണുകളിൽ വില്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് തിരുവനന്തപുരം എക്‌സൈസ് ഇന്റലിജന്റ്സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെയും തിരുപുറം എക്‌സൈസ് റേഞ്ച് അധികൃതരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പാറശാല സ്വദേശികളായ അബ്ബാസ്, ഷഫീഖ് എന്നിവരുടെ കടയിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നും വാങ്ങിയ ലഹരി വസ്‌തുക്കൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വില്പന നടത്തുകയാണെന്ന് ഇവർ എക്‌സൈസിനോട് സമ്മതിച്ചു. ഇന്റലിജന്റ്സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്‌പെക്ടർ ആർ. മോഹൻകുമാർ, തിരുപുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ഐ.ബി. പ്രിവെന്റീവ് ഓഫീസർ ജസ്റ്റിൻരാജ്, തിരുപുറം പ്രിവന്റീവ് ഓഫീസർ കെ. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജുരാജ്, ഷാജു, സൈമൺ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തത്.