court

നെടുമങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന ജില്ലാ പോക്സോ കോടതി നാളെ മുതൽ നെടുമങ്ങാട്ട് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കെ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഹൈക്കോടതി ജഡ്ജ് എ.എം. ഷഫീക് ഉദ്‌ഘാടനം നിർവഹിക്കും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കോലിയക്കോട് സി.ഒ. മോഹൻകുമാർ സ്വാഗതം പറയും. അഡ്വ. അടൂർ പ്രകാശ് എം.പി, സി. ദിവാകരൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. കുടുംബകോടതി ജഡ്ജ് ജെ. നാസർ, തിരുവനന്തപുരം സി.ജെ.എം ജയകൃഷ്ണൻ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, മുൻ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വാർഡ് കൗൺസിലർ വിനോദിനി, ബാർ അസോസിയേഷൻ സെക്രട്ടറി എം. തുളസിദാസ്‌, നഗരസഭ സെക്രട്ടറി ഷെറി തുടങ്ങിയവർ പങ്കെടുക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള നെട്ട കമ്മ്യൂണിറ്റി ഹാളിലാണ് കോടതി ആരംഭിക്കുന്നത്. ജില്ലാ ജഡ്ജി, ശിരസ്തദാർ, പബ്ലിക് പ്രോസിക്യൂട്ടർ, ക്ളാർക്കുകൾ,​ ടൈപ്പിസ്റ്റുകൾ തുടങ്ങി മുഴുവൻ തസ്തികകളിലേക്കും നിയമനം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കെട്ടിടം സജ്ജമാക്കാത്തതിനാൽ പോക്സോ കോടതി പ്രവർത്തനം വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നെടുമങ്ങാട് ബാർ അസോസിയേഷൻ നേതൃത്വത്തിൽ മുൻ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നെട്ടയിലെ കമ്മ്യൂണിറ്റി ഹാൾ വിട്ടുകൊടുത്തത്. ഇവിടെ പശ്ചാത്തലമൊരുക്കാൻ ഫണ്ടില്ലെന്ന് കോടതി വകുപ്പ് അറിയിച്ചതിനെ തുടർന്ന്, ഫ്രണ്ട് റൂം, ഓഫീസ്, പൊതുടോയ്‌ലറ്റ് എന്നിവ സജ്ജീകരിക്കുന്നതിന്റെ ചെലവും നഗരസഭ വഹിച്ചു. സംസ്ഥാനത്ത് പുതിയതായി 28 പോക്സോ കോടതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറു മാസം മുമ്പാണ് നെടുമങ്ങാട്ട് ജില്ലാ കോടതി അനുവദിച്ചത്. വിചാരണ കാലതാമസം കാരണം നീതി ഉറപ്പാക്കാൻ വൈകുന്ന പോക്സോ കേസുകളിൽ ഉടനടി തീർപ്പ് കല്പിക്കാൻ പുതിയ കോടതി വഴിയൊരുക്കും. മജിസ്‌ട്രേട്ട് കോടതി -2, മുനിസിഫ് കോടതി -2, സബ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി എന്നിവയാണ് നിലവിൽ നെടുമങ്ങാട്ട് പ്രവർത്തിക്കുന്ന കോടതികൾ. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ കോടതി (എം.എ.സി.ടി) തസ്തിക അനുവദിക്കാതെ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. പോക്സോ കോടതി യാഥാർത്ഥ്യമാകുന്നതോടെ ഒമ്പത് ജില്ലാ കോടതികളുടെ കേന്ദ്രമായി നെടുമങ്ങാട് മാറും. പത്താംകല്ലിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ സ്ഥലം അനുവദിക്കണമെന്ന് അഭിഭാഷകരും നാട്ടുകാരും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.