കൊച്ചി: കലൂർ മെട്രോസ്റ്റേഷന് സമീപത്തുവച്ച് കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽഫോണും പിടിച്ചുപറിച്ച കേസിലെ രണ്ടാംപ്രതി കടവന്ത്ര ഉദയാകോളനി സ്വദേശി സനലിനെ (23) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾക്കെതിരെ നോർത്തിലും സെൻട്രൽ പൊലീസ് സ്റ്റേഷനിലും നിരവധി കവർച്ചക്കേസുകളുണ്ട്. ഒരു കവർച്ച കേസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഒന്നാംപ്രതി ഉദയാകോളനി സ്വദേശി മഹീന്ദ്രൻ നേരത്തെ അറസ്‌റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. കവർച്ച ചെയ്‌തെടുത്ത മൊബൈൽഫോൺ സനലിന്റെ ഉദയാകോളനിയിലെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നോർത്ത് സി.ഐ സിബി ടോം, എസ്.ഐ അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റുചെയ്‌തത്. ഈ കേസിലെ രണ്ടു പ്രതികൾ ഒളിവിലാണ്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസം ഈ പ്രതികൾ പച്ചാളത്തും എളമക്കരയിലുമുള്ള രണ്ടു വീടുകളിൽനിന്ന് വിദേശയിനത്തിൽപെട്ട വളർത്തുനായ്ക്കളെ മോഷ്‌ടിച്ചിരുന്നു. ആ കേസിൽ രണ്ടുദിവസത്തിനകം പൊലീസ് പ്രതികളെ തിരിച്ചറിയുകയും അവർ വില്പന നടത്തിയ വളർത്തുനായ്ക്കളെ കണ്ടെത്തുകയും ചെയ്‌തെങ്കിലും ഉടമസ്ഥർക്ക് പരാതി ഇല്ലാതിരുന്നതിനാൽ പൊലീസ് കേസെടുത്തില്ല.