തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പറ്റിയ പാളിച്ചകളാണെന്ന് പോഷകസംഘടനാ ഭാരവാഹികൾ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരാതിപ്പെട്ടു. ഇന്നലെ ചർച്ചയ്ക്കെത്തിയ മുപ്പത്തിരണ്ട് സംഘടനകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പരാതികളുടെ കെട്ടഴിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പിനതീതമായി ജയസാദ്ധ്യതയും പൊതുസ്വീകാര്യതയുമായിരിക്കണം സ്ഥാനാർത്ഥി നിർണയത്തിന്റെ മാനദണ്ഡമെന്ന് എല്ലാവരും വാദിച്ചു. യുവാക്കളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം. തദ്ദേശതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം നല്ല വിജയം നേടിയെന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും അത്തരം ധീരമായ പരീക്ഷണങ്ങൾക്ക് നേതൃത്വം തയ്യാറാവണം. സോഷ്യൽമീഡിയ ഇടപെടലുകൾ ശക്തമാക്കണം. നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.140 മണ്ഡലങ്ങളിൽ 20ശതമാനം പാർട്ടിയിലും മഹിളാകോൺഗ്രസിലും മറ്റ് പോഷകസംഘടനകളിലും സജീവമായ വനിതകൾക്കായി നീക്കിവയ്ക്കണമെന്ന് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസിന് വാഗ്ദാനം ചെയ്ത പങ്കാളിത്തം ലഭിച്ചില്ല. അഴിമതിരഹിത പ്രതിച്ഛായയും ജയസാദ്ധ്യതയും പൊതുസ്വീകാര്യതയും സ്ഥാനാർത്ഥി നിർണയത്തിൽ കർശനമാക്കണം. നേതാക്കളോ ഔദ്യോഗികവക്താക്കളോ അല്ലാതെ ആരെയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണത്തിന് അനുവദിക്കരുത്. തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ച വിമതരെയും തോറ്റ വിമതരെയും പാർട്ടിയിൽ തിരികെ സ്വീകരിക്കണം.കെ.പി.സി.സിയുടെ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പാർട്ടിയിലോ പോഷകസംഘടനകളിലോ സജീവമല്ലാത്തവർ മറ്റ് പരിഗണനകളാൽ സ്ഥാനാർത്ഥികളായതാണ് തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ കൂട്ടത്തോടെ മത്സരിച്ചത് സംഘടനാ ഏകോപനത്തിൽ പാളിച്ചയുണ്ടാക്കി. സാമ്പത്തിക പിന്തുണയും പ്രചാരണ സാമഗ്രികളും കുറഞ്ഞെന്നും അവർ പരാതിപ്പെട്ടു.
താരിഖ് അൻവർ, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി.വി. മോഹൻ, പി. വിശ്വനാഥൻ എന്നിവർക്ക് പുറമേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചർച്ചയിൽ പങ്കെടുത്തു.
'കൈ' വിട്ട കളം തിരിച്ചു പിടിക്കാൻ കോൺഗ്രസ്