എസ്.പി റാങ്കിലെ ഒഴിവുകൾ നികത്തണമെന്നും ഓഫീസേഴ്സ് അസോ.
തിരുവനന്തപുരം: പൊലീസിൽ എസ്.പി റാങ്കിലുള്ള ഒഴിവുകളെല്ലാം നികത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം പാസാക്കി. സീനിയർ ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം നൽകണം. 52 കൺഫേർഡ് ഐ.പി.എസ് തസ്തികകളിൽ 33എണ്ണം ഒഴിഞ്ഞുകിടക്കുന്നു. വിജിലൻസിലടക്കം 15 ഡെപ്യൂട്ടേഷൻ തസ്തികകളിൽ എസ്.പിമാരെ നിയമിച്ചിരുന്നത് ഒമ്പതായി കുറഞ്ഞു. ആകെയുള്ള 56 ഒഴിവുകളിലേക്കാണ് സ്ഥാനക്കയറ്റത്തിന് സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടിയിരുന്നത്. എന്നാൽ 11വർഷം പൂർത്തിയാക്കിയ ഡിവൈ.എസ്.പിമാർക്കു പോലും സ്ഥാനക്കയറ്റം നൽകുന്നില്ല. 37 ഐ.പി.എസുകാരെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ അയയ്ക്കേണ്ടതിനു പകരം ഇരുപത് പേരെയാണ് ഇപ്പോൾ അയയ്ക്കുന്നത്. പൊലീസിനു പുറത്തെ ഡെപ്യൂട്ടേഷൻ തസ്തികകളിൽ 23 ഐ.പി.എസുകാരെ നിയമിക്കേണ്ടിടത്ത് അഞ്ചു പേർക്കു മാത്രമേ നിയമം നൽകുന്നുള്ളൂ. അതിനാൽ എസ്.പിമാരായി സ്ഥാനക്കയറ്റം വൈകുകയാണ്. ആകെ ഐ.പി.എസ് തസ്തികകളിൽ മൂന്നിലൊന്ന് സ്ഥാനക്കയറ്റത്തിലൂടെയാവണമെന്നാണ് ചട്ടമെങ്കിലും ഈ വിഭാഗത്തിൽ ഏഴ് പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനാൽ സീനിയർ ഡിവൈ.എസ്.പി തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് എസ്.പിയുടേതാക്കണം. കുറ്റാന്വേഷണവും ക്രമസമാധാന പാലനവും വേർതിരിക്കാൻ നിലവിലെ 17 അഡി.എസ്.പി തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് എസ്.പിയുടേതാക്കണം. പതിനൊന്നു വർഷം സർവീസ് പൂർത്തിയാക്കിയവർ നിലവിൽ എസ്.പിമാരുടേതിന് തുല്യമായ ശമ്പളം വാങ്ങുന്നതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയില്ല.