തിരുവനന്തപുരം: ആ.മാധവന്റെ വിയോഗത്തിലൂടെ തിരുവനന്തപുരത്തിന് നഷ്ടമാകുന്നത് പൂർവകാല തമിഴ് പെരുമ. അണ്ണാദുരെയ്ക്കും ഡി.എം.കെ. നേതാവ് എം. കരുണാനിധിക്കും മനോൻമണീയം സുന്ദരംപിള്ളയ്ക്കും ഒപ്പം മുരശൊലിയിലും മറ്റും എഴുതിയിരുന്ന ചിന്തകനായിരുന്നു ആ. മാധവൻ.
മലയാളത്തിലെ ആദ്യ രാമായണം എന്നറിയപ്പെടുന്ന തമിഴിലെഴുതിയ ചീരാമയണം, പിന്നീട് വന്ന കണ്ണശരാമായണം എന്നിവ രചിച്ച പ്രതിഭകളും രാമകഥാപാട്ട് എഴുതിയ കോവളത്തെ അയ്യപ്പൻപിള്ളയും ചാലയിൽ താമസിച്ച് തമിഴ്സാഹിത്യത്തിൽ നിറഞ്ഞുനിന്ന നീല പത്മനാഭൻ വരെയുള്ള പ്രതിഭകളും ഉൾപ്പെട്ട പരമ്പരയിൽ ശ്രദ്ധേയമായ സ്ഥാനം ആ. മാധവനുമുണ്ട്.
തമിഴിൽ വിപ്ളവമുണ്ടാക്കിയ വട്ടാരവഴക്കം ശൈലിയുടെ വാഴ്ത്തുകാരനായിരുന്നു മാധവൻ. ബ്രാഹ്മണർ എഴുതുന്നതാണ് സാഹിത്യമെന്നായിരുന്നു തമിഴകത്തെ ശൈലി. നാട്ടുഭാഷയിൽ വരുന്നതാണ് സാഹിത്യമെന്നും സാധാരണക്കാരന്റെ ചൂടും ചൂരും കണ്ണീരും അനുഭവങ്ങളുമാണ് യഥാർത്ഥ സാഹിത്യമെന്നും പറയുന്നതാണ് വട്ടാരവഴക്കം. അണ്ണാദുരൈയും മനോൻമണീയം സുന്ദരം പിള്ളയും എം.കരുണാനിധിയും മറ്റും ചേർന്ന് നടത്തിയ ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ആ.മാധവൻ.
സിക്സ്ത്ത് ഫോറം വരെ പഠിച്ചശേഷം ചാല മാർക്കറ്റിൽ വ്യാപാരവും മറ്റുമായി കഴിയുകയായിരുന്ന മാധവൻ ഇരുപതാം വയസിൽ ചിരുകതൈ മാസികയിൽ വിക്ടർയൂഗോയുടെ പാവങ്ങൾ മൊഴിമാറ്റം ചെയ്ത് തമിഴിൽ എഴുതിത്തുടങ്ങി.
പുനലും മണലും, കൃഷ്ണപ്പരുന്ത്, തൂവാനം, സാത്താൻ തിരുവസനം (നോവലുകൾ) എട്ടാവതുനാൾ,കാലൈ (നോവലൈറ്റുകൾ), കടൈന്തു കഥൈകൾ, മോഹപല്ലവി, കാമിനി മൂലം, ആനൈ ചന്തം, മാധവൻ കഥൈകൾ, അറേബ്യ കുതിരൈ, അ. മാധവൻ കഥൈകൾ, മുത്തുകൾ പാത്ത് (ചെറുകഥാ സമാഹാരങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.