തിരുവനന്തപുരം: മലയാള സിനിമയിൽ അമ്പിളിക്കല വീണ്ടും തെളിയുന്നത് സി.ബി.ഐ പരമ്പരയിലെ വിക്രം എന്ന ഓഫീസറുടെ വേഷത്തിൽ. കെ.മധു സംവിധാനം ചെയ്യുന്ന
സി.ബി.ഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തിലാണ് നടൻ ജഗതി അഭിനയിക്കുന്നത്. ഇന്നലെ പേയാടുള്ള ജഗതിയുടെ വീട്ടിൽ കുടുംബാംഗങ്ങളുമൊന്നിച്ച് ജഗതി സപ്തതി ആഘോഷിച്ചപ്പോഴും പ്രധാന ചർച്ചാവിഷയം സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു. സി.ബി.ഐയുടെ അഞ്ചാം പതിപ്പിനെ കൂടാതെ മറ്റ് രണ്ട്ചിത്രങ്ങളിൽ കൂടി ഈ വർഷം അദ്ദേഹം അഭിനയിക്കും. ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്തുള്ള വേഷമാണ് എസ്.എൻ. സ്വാമി ഒരുക്കുന്നത്. സേതുരാമയ്യർ കേസ് അന്വേഷിക്കുമ്പോൾ പല കേസുകളുടെയും കുരുക്ക് അഴിക്കുന്നത് ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായിരുന്നു. തിയേറ്ററുകൾ സജീവമായ ശേഷം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞവർഷം രണ്ട് പരസ്യചിത്രങ്ങളിൽ ജഗതി അഭിനയിച്ചിരുന്നു.
കൊവിഡ് ആയതുകൊണ്ടാണ് പ്രിയനടന്റെ എഴുപതാം പിറന്നാൾ ആഘോഷം വീട്ടിലൊതുങ്ങിയത്. രാവിലെ അഞ്ചിന് മകൻ രാജ്‌കുമാറിന്റെ വകയായിരുന്നു ആദ്യ പിറന്നാൾ ആശംസ. മമ്മൂട്ടി, മോഹൻലാൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങി സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ജഗതിക്ക് പിറന്നാൾ ആശംസ നേർന്നു. സംവിധായകൻ വിജി തമ്പി, നടന്മാരായ വിനീത്, ഗിന്നസ് പക്രു എന്നിവർ ജഗതിക്ക് വീഡിയോ സന്ദേശം അയച്ചു.
ഭാര്യ ശോഭ, മക്കളായ പാർവ്വതി, രാജ്കുമാർ, മരുമകൻ ഷോൺജോർജ് എന്നിവരും ചെറുമക്കളുമാണ് പിറന്നാൾ ദിനത്തിൽ ജഗതിക്കൊപ്പമുണ്ടായിരുന്നത്. ഉച്ചയ്ക്ക് സദ്യയും ഒരുക്കിയിരുന്നു. തൃക്കേട്ടയാണ് ജന്മനക്ഷത്രം. പിറന്നാൾ ദിനത്തിൽ ശ്രീചിത്ര പുവർഹോം അന്തേവാസികൾക്ക് സമ്മാനം നൽകുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല.