ഡി.ഐ.ജിയായുള്ള സ്ഥാനക്കയറ്റം തടഞ്ഞു
തിരുവനന്തപുരം: മേലുദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥർ സല്യൂട്ട് നൽകുന്ന പഴഞ്ചൻ ഏർപ്പാട് മാറ്റണമെന്ന് പരസ്യമായി പറഞ്ഞതിനും, അമിത ഡ്യൂട്ടി കാരണമുള്ള പൊലീസുകാരുടെ ദുരവസ്ഥ തുറന്നുകാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതിയതിനും സായുധ സേനാ മൂന്നാം ബറ്റാലിയൻ കമൻഡാന്റ് ജെ.ജയ്‌നാഥിനെതിരെ അച്ചടക്ക നടപടിക്ക് പൊലീസ് നേതൃത്വം. ഇതിന് മുന്നോടിയായുള്ള വകുപ്പുതല അന്വേഷണത്തിന് നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, റോഡ് സുരക്ഷാ കമ്മിഷണർ ഡോ.ബി. അശോക് എന്നിവരെ നിയോഗിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഡി.ഐ.ജിയായുള്ള ജയ്നാഥിന്റെ സ്ഥാനക്കയറ്റം തടഞ്ഞിട്ടുമുണ്ട്.മേലുദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം സല്യൂട്ട് ചെയ്യുന്നതിനെ എതിർത്ത ജയ്‌നാഥ് ,തന്നെ ആരും അത്തരത്തിൽ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് സർക്കുലറുമിറക്കി. കൊവിഡ് പ്രതിരോധത്തിനുള്ള കൊവിഡ് വാറിയർ പുരസ്കാരം പൊലീസുകാർ പണം മുടക്കി വാങ്ങണമെന്ന ഡി.ജി.പിയുടെ ഉത്തരവിനെയും ജയ്‌നാഥ് ചോദ്യം ചെയ്തിരുന്നു. പണം നൽകി പൊലീസുകാർക്ക് അവാർഡ് വേണ്ടെന്ന് ജയ്‌നാഥ് കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തൊട്ടടുത്ത ദിവസം സ്വന്തം ജില്ലകളിൽ ഡ്യൂട്ടിക്ക് കയറണമെന്ന് ഡി.ജി.പി ഉത്തരവിട്ടപ്പോൾ, വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാട്ടി കത്തയച്ചതാണ് ഒടുവിലെ സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ലഭിച്ച സൗകര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ സർവേയും ജയ്‌നാഥ് ഡി.ജി.പിക്ക് അയച്ചുകൊടുത്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്ക് യാത്രാബത്ത കൃത്യമായി ലഭിച്ചില്ലെന്നും അറിയിച്ചു. പൊലീസ് ബസുകളിൽ മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോൾ ഹെഡ് റെസ്റ്റില്ലാത്തത് ബുദ്ധിമുട്ടായതിനാൽ, സായുധ സേനാ മൂന്നാം ബറ്റാലിയനിലെ ബസുകളിലെല്ലാം ഹെഡ് റെസ്റ്റ് പിടിപ്പിക്കാൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടത്തിപ്പിനും പൊലീസ് നവീകരണത്തിനുമായി കോടിക്കണക്കിന് രൂപ ലഭിക്കുന്നതിനാൽ സൗകര്യങ്ങളൊരുക്കുന്നതിന് പണം തടസമല്ലെന്നും, ആസൂത്രണത്തിലെ പിഴവാണ് കാരണമെന്നും ജയ്‌നാഥ് ചൂണ്ടിക്കാട്ടി. ഇതെല്ലാം അച്ചടക്കരാഹിത്യവും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കാണിച്ചാണ് ജയ്‌നാഥിനെതിരെ നടപടിക്കൊരുങ്ങുന്നത്. പൊലീസ് മേധാവിയുടേതായി ലഭിക്കുന്ന കത്തിടപാടുകളോട് പരിഹാസ രൂപേണ പ്രതികരിക്കുന്നുവെന്ന ആരോപണവുണ്ടായിരുന്നു. ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയ്‌നാഥിൽ നിന്ന് വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കും ചീഫ്സെക്രട്ടറി ഉത്തരവിട്ടത്.