marriage

കൊച്ചി: പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി പട്ടികജാതി വികസനവകുപ്പ് നൽകുന്ന ധനസഹായമായി ജില്ലയിൽ വിതരണം ചെയ്തത് 3, 28, 95000 രൂപ. 2020 ഡിസംബർ 31വരെ ആകെ 439 പേർക്കാണ് ധനസഹായം നൽകിയത്. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 75000 രൂപയാണ് ധനസഹായം. വിവാഹം നിശ്ചയിച്ചശേഷം പെൺകുട്ടിയുടെയും പിതാവിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് തദ്ദേശ സ്ഥാപനങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

മിശ്രവിവാഹിതർക്ക് വിവാഹശേഷം സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള ധനസഹായമായി ജില്ലയിൽ 57,75000 രൂപയാണ് വിതരണം ചെയ്തത്. മിശ്രവിവാഹത്തെ തുടർന്ന് ക്ലേശമനുഭവിക്കുന്നവർക്ക് അതു ലഘൂകരിക്കുന്നതിനായാണ് സഹായം നൽകുന്നത്. 2020 ഡിസംബർ 31 വരെ 76 പേർക്കാണ് സഹായം ലഭിച്ചത്. മിശ്രവിവാഹിതരിൽ ഒരാൾ പട്ടികജാതിക്കാരനാകുന്ന സാഹചര്യത്തിലാണ് സഹായത്തിന് അർഹത. വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനു ശേഷവും മൂന്നുവർഷത്തിനുള്ളിലും അപേക്ഷിക്കണം. ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം വാർഷികവരുമാനം. ഭാര്യയുടെ ഭർത്താവിന്റെയോ തദ്ദേശസ്ഥാപന പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിവാഹ സർട്ടിഫിക്കറ്റ്, കോ- ലിവിംഗ് സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം.