നെടുമങ്ങാട്:കോടികൾ ചെലവിട്ടു അടുത്തിടെ നവീകരിച്ച ചെങ്കോട്ട സ്റ്റേറ്റ് ഹൈവേയിൽ മേൽമൂടിയില്ലാതെ കാടുകയറിയ ഓടയിൽ പതിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ആനാട് പുത്തൻപാലത്ത് കഴിഞ്ഞദിവസം രാത്രിയാണ് അപകടം.നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പായസം വില്പനക്കാരന്റെ ഉന്തുവണ്ടിയും തകർത്തു. ബൈക്ക് ഓടിച്ചിരുന്ന പനയമുട്ടം സ്വദേശി വിഷ്ണു, ഡി.വൈ.എഫ്ഐ നേതാവും ആനാട് ആലംകോട് സ്വദേശിയുമായ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.വിഷ്ണു ബൈക്കുമായി ഓടയിൽ വീണു.നാട്ടുകാർ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരി പാക്കേജിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിട്ടു അടുത്തിടെയാണ് റോഡ് നവീകരിച്ചത്.നിർമ്മാണത്തിലെ പിഴവുകൾ കാരണം ഈ ഭാഗത്ത് അടിക്കടി അപകടം പെരുകുകയാണെന്നും അടിയന്തരമായി കാട് തെളിച്ച് ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.