abhilash

കുന്നത്തൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. പതിമൂന്നുകാരിയുടെ മാതാവായ പടിഞ്ഞാറെ കല്ലട സ്വദേശിനി(36),തിരുവല്ല നിരണം നിരണപ്പെട്ടി വീട്ടിൽ അഭിലാഷ്(40) എന്ന വിഷ്ണു നാരായണൻ എന്നിവരാണ് അറസ്റ്റിലായത്. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജാദി കർമങ്ങൾ നടത്തിവന്ന അഭിലാഷ് രണ്ട് കുട്ടികളുടെ പിതാവാണ്. മുമ്പ് രണ്ട് തവണ വിവാഹം കഴിച്ച യുവതി അഭിലാഷുമായി പ്രണയത്തിലാകുകയായിരുന്നു. പെൺകുട്ടിയും മാതാവും അഭിലാഷിന്റെ ശൂരനാട്ടെ വാടക വീട്ടിലായിരുന്നു താമസം. വാടക വീടുകളെടുത്ത് യുവതികളെ പാർപ്പിച്ച് പീഡിപ്പിക്കുന്നതും അനാശാസ്യം നടത്തുന്നതും ഇയാളുടെ പതിവാണ്.വാടകവീട്ടിൽ കഴിയവേയാണ് കുട്ടിയെ അഭിലാഷ് പീഡിപ്പിക്കാൻ ശ്രമിച്ചത്.മാതാവ് ഈ വിവരം പുറത്തറിയിക്കാതെ രഹസ്യമാക്കി വച്ചു. തുടർന്ന് കുട്ടി വിവരം അമ്മൂമ്മയെ അറിയിക്കുകയും അവരെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. പിന്നീട് ശൂരനാട് പൊലീസിന് പരാതി നൽകുകയായിരുന്നു.ഇതിനിടെ ശൂരനാട് നിന്ന് യുവതിയെ പിന്നീട് കരുനാഗപ്പള്ളിയിലെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇരുവരും ഇവിടെ നിന്ന് മുങ്ങുകയും തിരുവല്ല പുളിക്കീഴ് പൊലീസിന് വ്യാജ പരാതി നൽകിയ ശേഷം ഒളിവിൽ പോകുകയും ചെയ്തു.തുടർന്ന് ശൂരനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തിരുവല്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു. പോക്സോ,ശിശു സംരക്ഷണ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ പി.ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.