ആറ്റിങ്ങൽ: ജനരഞ്ജന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ 35-ാമത് വാർഷികത്തോടനുബന്ധിച്ചു കൊവിഡ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചുകൊണ്ട് മാരത്തോൺ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ കച്ചേരി ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ പത്ത് കിലോമീറ്റർ പിന്നിട്ട് അഞ്ചുതെങ്ങിൽ സമാപിച്ചു. കേരളത്തിലുള്ള 110 മത്സരാർത്ഥികൾ പങ്കെടുത്തു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരിയുടെ സാന്നിദ്ധ്യത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു.
മരത്തോണിൽ ഒന്നാം സ്ഥാനം ഷെറിൻ ജോസ് (ഇടുക്കി) നേടിയപ്പോൾ രണ്ടാം സ്ഥാനം മഹേന്ദ്രനും (പാലക്കാട് ) മൂന്നാം സ്ഥാനം എസ്.എം. ഹരിദാസും(പാലക്കാട് ) നേടി.
ജനരഞ്ജന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ പ്രസിഡന്റ് സ്റ്റാലിൻ ജോൺസന്റെ അദ്ധ്യക്ഷതയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. പ്രദീപ് ജോസഫ് അനുഗ്രഹ പ്രഭാഷണവും മാരത്തോൺ വിജയികൾക്കും, മറ്റ് കായിക മത്സര വിജയികൾക്കും സമ്മാനദാനവും നിർവഹിച്ചു.
കൊവിഡ് മുന്നണി പോരാളി അഞ്ചുതെങ്ങ് സുരേന്ദ്രനെയും (മുൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വികസന ചെയർമാൻ) വേദിയിൽ ആദരിച്ചു. ജനരഞ്ജന സെക്രട്ടറി എഡിസൺ എഡ്‌വേർഡ് നന്ദി പറഞ്ഞു.