തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണം പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കാനിരിക്കെ, തയ്യാറെടുപ്പുകൾ സംസ്ഥാനം വേഗത്തിലാക്കി. കൊവിഷീൽഡ് വാക്സിന് മുൻഗണന നൽകാനുള്ള ഒരുക്കത്തിലാണ് കേരളം. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം വാക്സിൻ ലഭ്യമായേക്കും. ഇത് ആരോഗ്യപ്രവർത്തകർക്കാണ്. വാക്സിൻ വിതരണത്തിനുള്ള ജില്ലാതല പരിശീലനങ്ങൾ പൂർത്തിയായി.
ജനിതകമാറ്റം വന്ന തീവ്രകൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളം അതീവജാഗ്രതയിലാണെങ്കിലും , ആശങ്കയുടെ സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
പറഞ്ഞു. രോഗബാധ കണ്ടെത്തിയ ആറ് പേരിൽ രണ്ടുപേർ ആശുപത്രിയിലും മറ്റുള്ളവർ വീടുകളിലുമാണ്.ഇവരുടെ പൂർണ്ണമായ സമ്പർക്ക പട്ടികയും തയ്യാറാക്കി. ബ്രിട്ടനിൽ നിന്ന് 41കൊവിഡ് രോഗികളാണ് കേരളത്തിലെത്തിയത്. ഇവരുടെ പരിശോധനാ റിപ്പോർട്ടുകൾ പൂനയിലെ വൈറോളജി ലാബിൽ നിന്ന് കിട്ടിയ ശേഷം മറ്റ് നടപടികൾ ആലോചിക്കും.
കേന്ദ്രസംഘത്തിന്റെ ആവശ്യമില്ല
കേന്ദ്രസംഘത്തിന്റെ സേവനമാവശ്യപ്പെട്ട് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കത്തെഴുതിയത് സ്ഥിതിഗതികൾ പൂർണ്ണമായി മനസിലാക്കാതെയാണെന്ന് മന്ത്രി ശൈലജ പറഞ്ഞു. കൊവിഡിന്റെ തുടക്കംമുതൽ സംസ്ഥാനം കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. ചികിത്സ കിട്ടാതെ മറ്റ്സംസ്ഥാനങ്ങളിൽ രോഗികൾ മരിക്കുന്നതാണ് സാഹചര്യം. കേരളത്തിൽ ആർക്കും ചികിത്സ കിട്ടാതെയില്ല. പെട്ടെന്ന് രോഗികൾ പെരുകിയപ്പോഴും സംസ്ഥാനത്ത് ചികിത്സയ്ക്ക് കുറവുണ്ടായില്ല.നിലവിൽ കേന്ദ്രസംഘത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
തീവ്ര കൊവിഡ്: കരുതലുകൾ
വിമാനത്താവളങ്ങളിൽ പരിശോധന കർശനം.
ജില്ലാമെഡിക്കൽ ഒാഫീസറുടെ നേതൃത്വത്തിൽ ബോധവൽക്കരണം
സ്പെഷ്യൽ ഐസൊലേഷൻ കേന്ദ്രങ്ങൾ
വിദേശത്തുനിന്ന് വരുന്നവരുടെ സമ്പർക്കപട്ടിക പരിശോധന
യൂറോപ്യൻരാജ്യങ്ങളിൽ നിന്നുള്ളവർക്ക് റിവേഴ്സ് ക്വാറന്റൈൻ