a

തിരുവനന്തപുരം: ഭരണത്തിരക്കിനിടയിൽ മേയർ ആര്യാ രാജേന്ദ്രനിത് പരീക്ഷക്കാലം. രണ്ടാം സെമസ്റ്റർ കണക്ക് പരീക്ഷയാണ് മേയർ ഇന്ന് എഴുതുന്നത്. മേയറായി തിരഞ്ഞെടുക്കപ്പെട്ട് കൃത്യം പത്താം ദിവസമാണ് ആര്യയുടെ പരീക്ഷ. പരീക്ഷയ്ക്കുള്ള ഭാഗങ്ങൾ റിവിഷൻ ചെയ്യാനായി മേയർ ഇന്നലെ ചാക്ക ആൾ സെയിന്റ്സ് കോളേജിലെത്തിയിരുന്നു. അദ്ധ്യാപകരോട് സംശയങ്ങൾ ചോദിച്ച് പാഠഭാഗങ്ങൾ ഉറപ്പിച്ചു. മേയറുടെ കാറിലെത്തിയ ആര്യയെ അദ്ധ്യാപകർ ചേർന്ന് സ്വീകരിച്ചു. ക്ലാസില്ലാത്തതിനാൽ കൂട്ടുകാർ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും റിവിഷൻ നടത്തി അല്പനേരം കാമ്പസിൽ ചെലവഴിച്ചാണ് ആര്യ മടങ്ങിയത്. കോളജിലെത്തിയതിൽ സന്തോഷമുണ്ടെന്നും താൻ എപ്പോഴും വിദ്യാർത്ഥി തന്നെയാണെന്നും ആര്യ പറഞ്ഞു. അതേസമയം, കോളേജിൽ വിദ്യാർത്ഥി എന്ന നിലയിൽ തന്നെയാണ് ആര്യയെ കാണുന്നതെന്ന് അദ്ധ്യാപകരും പറഞ്ഞു. മേയറായതിന് ശേഷം ആദ്യമായാണ് ആര്യ കാമ്പസിലെത്തിയത്. ഡിസംബർ 18ന് നടക്കേണ്ട പരീക്ഷയാണ് മാറ്റിവച്ചതിനെ തുടർന്ന് ഇന്ന് നടത്തുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതുവരെയുള്ള ഇടവേളയിൽ പഠനത്തിന് സമയം കണ്ടെത്തിയിരുന്നതായും ബാക്കിയുള്ള പാഠഭാഗങ്ങളുടെ റിവിഷനായാണ് ഇന്നലെ കോളേജിലെത്തിയതെന്നും ആര്യ പറഞ്ഞു. ഇന്നത്തെ പരീക്ഷ കഴിഞ്ഞാൽ ആര്യ വീണ്ടും ഭരണത്തിരക്കുകളിലേക്ക് കടക്കും.